ചെന്നൈ: മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭാര്യ ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളം ഒഴിച്ചു പൊള്ളിച്ചു. 50 ശതമാനത്തോളം പൊള്ളലേറ്റ ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതുപ്പാട്ടു സ്വദേശിയായ 32കാരൻ തങ്കരാജ് ആണ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. സംഭവത്തിൽ 29കാരിയായ ഇയാളുടെ ഭാര്യ പ്രിയക്കെതിരേ കേസെടുത്തു. മൊബൈൽ ഫോൺ പാർട്സ് നിർമിക്കുന്ന കമ്പനിയിൽ സൂപ്പർവൈസറായ തങ്കരാജും പ്രിയയും ഏഴുവർഷം മുമ്പാണ് വിവാഹിതരായത്. രണ്ട് പെൺമക്കളും ഉണ്ട്.
എന്നാൽ ജോലിസ്ഥലത്ത് മറ്റൊരു സ്ത്രീയുമായി ഭർത്താവിന് രഹസ്യബന്ധമുണ്ടെന്ന് പ്രിയയ്ക്ക് സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി വഴക്കിടുന്നതും പതിവായിരുന്നു. ചൊവ്വാഴ്ച രാത്രിയും ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായി. ഇതിനുപിന്നാലെ തങ്കരാജ് ഉറങ്ങാൻ പോയി. തുടർന്നാണ് ഉറങ്ങുകയായിരുന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് പ്രിയ തിളച്ച വെള്ളം ഒഴിച്ചു പൊള്ളിച്ചത്. നിലവിളി കേട്ടെത്തിയ അയൽക്കാരാണ് തങ്കരാജിനെ വലാജ്പേട്ട് സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.