ന്യൂഡല്‍ഹി: പട്ടത്തിന്റെ നൂല് കഴുത്തില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. നാഗ്ലോയിലെ രാജധാനി പാര്‍ക്കില്‍ നിന്നുള്ള 35 -കാരനായ വിപിന്‍ കുമാറാണ് മരിച്ചത്. സഹോദരിയോടൊപ്പം ലോനിയില് രക്ഷാബന്ധന് ആഘോഷിക്കാന്‍ ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടം. അതേസമയം, ഇരുവര്‍ക്കും പരിക്കുകളില്ല. ശാസ്ത്രി പാര്‍ക്ക് ഫ്ളൈ ഓവറിന് മുകളില്‍ വച്ചായിരുന്നു അപകടം. ബൈക്കില്‍ പോവുകയായിരുന്ന അദ്ദേഹത്തിന്റെ കഴുത്തില്‍ ചരട് കുരുങ്ങി. തുടര്‍ന്ന് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.
also read: ഭര്‍ത്താവിന് രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയുമായി അടുപ്പം, ഭാര്യ ജീവനൊടുക്കി, 23കാരനെതിരെ കേസ്
ചൈനീസ് മഞ്ച എന്നറിയപ്പെടുന്ന ചില്ലുകള്‍ പൊതിഞ്ഞ നൂലായിരുന്നു അദ്ദേഹത്തിന്റെ കഴുത്തില്‍ കുരുങ്ങിയത്. ബൈക്കില്‍ പോകുന്നതിനിടെ കഴുത്തില്‍ എന്തോ കുടുങ്ങിയത് പോലെ തോന്നി നിര്‍ത്തുകയായിരുന്നു. ഹെല്‍മെറ്റ് നീക്കം ചെയ്തയപ്പോള്‍, കഴുത്തിലൂടെ ചോര കുത്തി ഒഴുകുന്നതാണ് കണ്ടത്.
ചുറ്റുമുള്ളവരുടെ സഹായത്തോടെ ഭാര്യ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ട് പോയി. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ഒരു ബ്രെഡ് വിതരണക്കാരനായ വിപിന്‍ മൂന്ന് പെണ്മക്കളാണ്. ”മാഞ്ച വളരെ മൂര്‍ച്ചയുള്ളതായിരുന്നു. വിപിന്‍ അതിനെ എടുത്ത് മാറ്റാന്‍ നോക്കിയെങ്കിലും, സാധിച്ചില്ല. പകരം അവന്റെ കൈകള്‍ മുറിഞ്ഞു” അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്‍ സച്ചിന് പറഞ്ഞു.