മംഗളുരു: നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്ലിം പള്ളിയില്‍ ഹിന്ദു ക്ഷേത്രസാനിധ്യം ഉണ്ടെന്ന് അവകാശ വാദവുമായി ഹിന്ദുത്വ വിഭാഗങ്ങള്‍. മംഗളുരു നഗരത്തില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള തെങ്ക ഉളിപ്പാടി ഗ്രാമത്തിലെ അസ്സയ്യിദ് അബ്ദുല്ലാഹി മദനി മസ്ജിദിനെച്ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.
പള്ളിയില്‍ ശൈവ ആരാധനയുടെ അടയാളങ്ങളുണ്ടെന്നാണ് ഹിന്ദുത്വ വിഭാഗങ്ങള്‍ അവകാശപ്പെടുന്നത്. അസ്സയ്യിദ് മസ്ജിദ് 800 വര്‍ഷം പഴക്കമുള്ള പള്ളിയാണ്. ഇവിടെ ശൈവ ആരാധന നടന്നിരുന്നതിന്റെ തെളിവുണ്ടെന്ന് വിഎച്ച്പി, ബജ്റംഗ് ദള്‍ സംഘടനകളാണ് അവകാശവാദമുന്നയിച്ചത്.
also read: അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
‘താംബൂല പ്രശ്ന’ത്തില്‍ ഹിന്ദു ക്ഷേത്രസാനിധ്യം ഉള്ളതായി ജ്യോത്സ്യന് കണ്ടെത്തിയെന്നാണ് സംഘ്പരിവാര്‍ സംഘടനകള്‍ വാദിക്കുന്നത്. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നോ ഇല്ലയോ എന്നതായിരുന്നു ‘താംബൂല പ്രശ്നം’. അടയാളങ്ങള്‍ കണ്ടെത്തിയതായി പ്രശ്നം വെച്ച മലയാളി ജ്യോതിഷി ഗോപാലകൃഷ്ണ പണിക്കര്‍ അവകാശപ്പെട്ടു.
ഏപ്രില്‍ 20ന് നവീകരണത്തിനായി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചപ്പോഴാണ് ഇക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് വിശ്വഹിന്ദു പരിഷത്ത് ഡിവിഷണല്‍ കണ്‍വീനര്‍ ശരണ്‍ പമ്പ്വെല്‍ പറഞ്ഞു. മസ്ജിദില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള രാമാഞ്ജനേയ ഭജന മന്ദിരത്തിലായിരുന്നു ചടങ്ങ്. പ്രശ്നം നോക്കുന്ന ദിവസം പള്ളിക്കു ചുറ്റും നിരോധനാജ്ഞയും കനത്ത പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.