ചെന്നൈ: അന്തരിച്ച പാര്‍ട്ടി സ്ഥാപകനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന നല്‍കണമെന്നാവശ്യപ്പെട്ട് ഡിഎംകെ ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. ഡിഎംകെ നേതാവും പ്രചാരണ വിഭാഗം സെക്രട്ടറിയുമായ ട്രിച്ചി ശിവയാണ് പ്രമേയം അവതരിപ്പിച്ചത്.
പുതിയ പ്രസിഡന്റായി കരുണനിധിയുടെ മകന് സ്റ്റാലിനെ തിരഞ്ഞെടുക്കാനായാണ് ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. നേരത്തെ തമിഴ്നാട് നിയമസഭയിലും ഡിഎംകെ ഈ വിഷയം ഉന്നയിച്ചിരുന്നു. അഞ്ച് തവണയായി ദീര്‍ഘകാലം തമിഴ്നാട് മുഖ്യമന്ത്രിയായ കരുണാനിധി ഒരിക്കല്‍ പോലും പാര്‍ലമെന്റ് അംഗമായിരുന്നില്ല.
ഈ വിഷയം അവതരിപ്പിച്ച ട്രിച്ചി ശിവ കരുണാനിധി രാജ്യത്തെ ഏറ്റവും ഉന്നത നേതാവാണെന്നും ദ്രാവിഡ പ്രമുഖനാണെന്നും ഓര്‍മിപ്പിച്ചു. തന്റെ ആയുസ്സിലെ 80 വര്‍ഷം കരുണനിധി പൊതുപ്രവര്‍ത്തനത്തിനായി നീക്കിവെച്ചു. അവഗണിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനങ്ങള്‍ക്കായി അദ്ദേഹം പ്രവര്‍ത്തിച്ചു.
കരുണാനിധി ഉജ്വല പ്രഭാഷകനും മികച്ച എഴുത്തുകാരനും നോവലിസ്റ്റും ചെറു കഥാകൃത്തും ദാര്‍ശനികനും മനുഷ്യസ്നേഹിയും നാടകകൃത്തുമായിരുന്നു. മികച്ച അഭിനേതാവും 80 സിനിമകളുടെ തിരക്കഥാകൃത്തുമായിരുന്നെന്നും ശിവ കൂട്ടിച്ചേര്‍ത്തു.