ഒന്നിച്ച് യുദ്ധവിമാനം പറത്തി രാജ്യത്തിന് അഭിമാനമായി അച്ഛനും മകളും. എയര്‍ കമ്മഡോര്‍ സഞ്ജയ് ശര്‍മ്മയും മകള്‍ ഫ്ലയിംഗ് ഓഫീസര്‍ അനന്യ ശര്‍മ്മയുമാണ് വിമാനം ഓടിച്ചത്. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്.
മെയ് 30 -ന് കര്‍ണാടകയിലെ ബിദറില്‍ വച്ചായിരുന്നു സംഭവം. എന്നാല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും, മകളും യൂണിഫോം ധരിച്ച് യുദ്ധവിമാനത്തിന് മുന്നില്‍ നില്ക്കുന്ന ഒരു ഫോട്ടോ ഇന്റര്‍നെറ്റില്‍ ഇപ്പോഴാണ് വൈറലാവുന്നത്. ഹോക്ക്-132 വിമാനത്തില്‍ കയറിയാണ് അവര്‍ ചരിത്രപരമായ ഈ യാത്ര നടത്തിയതെന്ന് ഐഎഎഫ് പറഞ്ഞു.
‘പിതാവും മകളും ഒരേ യുദ്ധവിമാനത്തിന്റെ ഭാഗമായ ഒരു സംഭവം ഐഎഎഫ് ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല. സഞ്ജയും, അനന്യയും അച്ഛനും മകളും മാത്രമല്ല. അവര്‍ സഹപ്രവര്‍ത്തകര്‍ കൂടിയായിരുന്നു. പരസ്പരം പൂര്‍ണമായി വിശ്വസിച്ചിരുന്ന സഖാക്കള്‍” ഐഎഎഫ് പ്രസ്താവനയില്‍ പറഞ്ഞു.
1989 -ലാണ് എയര്‍ കമ്മഡോര്‍ സഞ്ജയ് ശര്‍മ്മ ഐഎഎഫിന്റെ ഫൈറ്റര്‍ വിമാനത്തിന്റെ പൈലറ്റാകുന്നത്. ഒരു മിഗ്-21 വിമാനത്തിന്റെയും, ഒരു മുന്‍നിര ഫൈറ്റര്‍ സ്റ്റേഷന്റെയും കമാന്‍ഡറാണ് അദ്ദേഹം. യുദ്ധവിമാന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന് വിപുലമായ അറിവും, അനുഭവ പരിചയവുമുണ്ട്.
അനന്യ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിടെക് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2021 ഡിസംബറിലാണ് യുദ്ധവിമാന പൈലറ്റായി അവള് യോഗ്യത നേടുന്നത്.