ഹൈദരാബാദ്: കോഴിയുടെ ആര്‍ത്തവ രക്തത്തില്‍ നിന്നാണ് മുട്ട ഉണ്ടാവുന്നതെന്ന് ബിജെപി എംപിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ മനേക ഗാന്ധി. അതിനാല്‍ കോഴിമുട്ട കുട്ടികള്‍ ഒരിക്കലും കഴിക്കരുതെന്നും മനേക ഗാന്ധി പറഞ്ഞു.
ഹൈദരാബാദില്‍ ശ്രീ ജയിന് സേവ സംഘ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവെയാണ് മനേക ഗാന്ധി കോഴി മുട്ടയെക്കുറിച്ച് അശാസ്ത്രീയ വാദമുയര്‍ത്തിയത്. ഭക്ഷ്യ വസ്തുവായി മുട്ടയെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ നിര്‍ത്തലാക്കണമെന്നും മനേക ഗാന്ധി അഭിപ്രായപ്പെട്ടു.
അതേസമയം, മനേക ഗാന്ധിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പരിഹാസമാണ് ഉയരുന്നത്. തീര്‍ത്തും അശാസ്ത്രീയ വാദമാണിതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ചില ജീവികളില്‍ പ്രത്യേകിച്ച് സസ്തനികളില്‍ മാത്രമാണ് ആര്‍ത്തവമുള്ളതെന്നും കോഴികള്ക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ത്തവമുള്ള കോഴിക്ക് ഇനി മറ്റെന്തിലും വിലക്കുകളുണ്ടാവുമെന്ന് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളും വരുന്നുണ്ട്.