ന്യൂഡൽഹി: അപ്രതീക്ഷിതമായി ക്യാമറയിലുടക്കുന്ന ചിലനിമിഷങ്ങളാണ് അപൂർവ്വമായ കാഴ്ചകളെ എന്നെന്നും ഓർത്തുവെയ്ക്കാൻ സഹായിക്കുക. എന്നാൽ ഇവിടെ അറിഞ്ഞുകൊണ്ടുതന്നെ എടുത്ത ഒരു അപൂർവ്വ നിമിഷം പകർത്തിയ സെൽഫിയാണ് താരം. ഒരു അച്ഛന്റേയും മകന്റേയും സെൽഫിയാണ് ഇതെങ്കിലും ഈ ചിത്രത്തിന് പിന്നിൽ സ്നേഹത്തിന്റയുൾപ്പടെ ഒരുപാട് കഥകൾ പറയാനുണ്ട്.
മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹബന്ധം വിവരിക്കുന്ന ഒരുചിത്രമാണ് ഇത്. ഒരേ മേഖലയിൽ ജോലി ചെയ്യുന്ന ഒരച്ഛനും മകനും അപ്രതീക്ഷിതമായി ഒരുമിമിഷത്തിൽ കണ്ടുമുട്ടിയപ്പോൾ പകർത്തിയതാണ് ഈ സെൽഫി. ചിത്രത്തിന് പിന്നിലെ കഥയറിഞ്ഞപ്പോൾ സോഷ്യൽമീഡിയയ്ക്കും ഇരട്ടി മധുരമായി.
ട്രെയിനുകൾ ക്രോസ് ചെയ്യുന്നതിനിടെയാണ് റെയിൽവെയിൽ ജോലി ചെയ്യുന്ന അച്ഛനും മകനും കണ്ടുമുട്ടിയത്. മകൻ ടിടിഇയും പിതാവ് റെയിൽവെ ഗാർഡുമാണ്. ഡ്യൂട്ടിക്കിടെ ഇരുട്രെയിനുകളിലായിരുന്ന ഇവർ വാലറ്റത്ത് കണ്ടുമുട്ടിയിരിക്കുകയാണ്. അപ്പോൾ തന്നെ മകൻ ആ നിമിഷം സെൽഫിയിൽ പകർത്തി.
പിന്നീട്, സുരേഷ് കുമാർ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ ചിത്രം പുറംലോകത്തെ കാണിച്ചിരിക്കുന്നത്. ‘അതിശയകരമായ സെൽഫി. അച്ഛൻ റെയിൽവേയിൽ ഗാർഡാണ്, മകൻ ടിടിഇയാണ്. രണ്ട് ട്രെയിനുകൾ അരികിലൂടെ കടന്നുപോയപ്പോൾ അത് ഒരു സെൽഫി നിമിഷത്തിലേക്ക് നയിച്ചു’- ഈ അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.