കഷ്ടപ്പാടുകളും വേദനയും ഒരുപാടനുഭവിച്ചെങ്കിലും തളരാതെ, പഠിച്ച് മുന്നേറണമെന്ന ദൃഢനിശ്ചത്തില് ഒറ്റക്കാലില്‍ കിലോമീറ്ററുകള്‍ താണ്ടി സ്കൂളിലെത്തി പര്‍വൈസ്. ജമ്മുകശ്മീരില്‍ നിന്നുളള പതിനാലുകാരന് ഇന്ന് പലര്‍ക്കും പ്രചോദനമായി മാറുകയാണ്.
തീപിടിത്തത്തിലാണ് പര്‍വൈസിന്റെ ഇടതുകാല് നഷ്ടമായത്. നൗഗാമിലെ ഗവണ്മെന്റ് ഹൈസ്കൂളില്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പര്‍വൈസ്. പഠനം മുടങ്ങാതിരിക്കാന്‍ 2 കിലോമീറ്ററോളം ബാഗും ചുമലിലേറ്റി ഒറ്റക്കാലിലാണ് പതിനാലുകാരന് സ്കൂളിലേക്ക് പോവുന്നത്. പഠിച്ച് ഡോക്ടറാവുക എന്നതാണ് ജമ്മുകശ്മീരില്‍ നിന്നുളള പര്‍വൈസിന്റെ ലക്ഷ്യം.
എന്നാല്‍ സ്കൂളിലേക്കുള്ള റോഡ് മോശമാണെന്നും നടക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ സ്കൂളില്‍ എത്തിയ ശേഷം വല്ലാതെ വിയര്ക്കുന്നുവെന്ന് പര്‍വൈസ് പറയുന്നു. കൃത്രിമ അവയവം കിട്ടിയാല്‍ നടക്കാം. ”എന്റെ ജീവിതത്തില്‍ എന്തെങ്കിലും നേടണമെന്നാണ് എന്റെ സ്വപ്നം. എനിക്ക് ക്രിക്കറ്റും വോളിബോളും കബഡിയും ഇഷ്ടമാണ്. എന്റെ ഭാവി രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ എന്നെ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സ്കൂളിലേക്കും മറ്റിടങ്ങളിലേക്കുമുള്ള എന്റെ യാത്ര സുഗമമാക്കുന്ന ശരിയായ കൃത്രിമ അവയവമോ മറ്റേതെങ്കിലും ഗതാഗത മാര്‍ഗ്ഗമോ നല്‍കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.” – പര്‍വൈസ് കൂട്ടിച്ചേര്‍ത്തു.
സാമൂഹിക ക്ഷേമ വകുപ്പ് തനിക്ക് വീല്‍ചെയര്‍ നല്‍കിയെങ്കിലും തന്റെ ഗ്രാമത്തിലെ റോഡിന്റെ ശോചനീയാവസ്ഥ കാരണം അത് ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് പര്‍വൈസ് പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ നടക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുമെങ്കിലും തനിക്ക് ശക്തി നല്കിയ ഞാന്‍ ദൈവത്തിന് നന്ദി പറയുന്നുവെന്നും പര്‍വൈസ് പറയുന്നു.