ഗവാഹത്തി: തട്ടിപ്പു കേസില്‍ പ്രതിശ്രുത വരനെ പിടികൂടിയ പോലീസുദ്യോഗസ്ഥ അതേ കേസില്‍ അറസ്റ്റില്‍. അസം പൊലീസ് ഉദ്യോഗസ്ഥ ജുന്‍മോനി രാഭയാണ് അറസ്റ്റിലായത്. പ്രതിശ്രുത വരനുള്‍പ്പെട്ട അഴിമതി കേസിലാണ് അറസ്റ്റ്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
‘ലേഡി സിങ്കം’, ‘ദബാങ് പൊലീസ്’ എന്നീ പേരുകളില്‍ പ്രശസ്തയായ ജുന്‍മോനി രാഭയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അസമിലെ നാഗണ്‍ ജില്ലയില്‍ സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്തുവരികയായിരുന്നു ജുന്‍മോനി. വിവാഹത്തിന് മാസങ്ങള്‍ ശേഷിക്കെയാണ് ജുന്‍മോനി രാഭ പ്രതിശ്രുത വരന് പൊഗാഗിനെ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
ഈ സംഭവം വലിയ വാര്‍ത്തയായിരുന്നു. കരാറുകാരുമായി ഒപ്പുവച്ച സാമ്പത്തിക ഇടപാടുകള്‍ യാഥാര്‍ഥ്യമാക്കാന്‍ പൊഗാഗ് രാഭയെ കരാറുകാര്‍ക്ക് പരിചയപ്പെടുത്തി വിശ്വാസം നേടിയെടുക്കുകയായിരുന്നു. പിന്നീട് കരാറുകാരെ വഞ്ചിച്ചെന്നാണ് പരാതി.
ആളുകള്‍ക്കു ജോലി നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത ശേഷം പൊഗാഗ് കബളിപ്പിച്ചെന്നാണു രാഭ കുറ്റപത്രം നല്‍കിയത്. ഈ കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും മജൂലി ജയിലില്‍ അടയ്ക്കുകയും ചെയ്തു. 2021 ഒക്ടോബറിലാണ് പൊഗാഗുമായി രാഭയുടെ വിവാഹനിശ്ചയം നടന്നത്. 2022 നവംബറില്‍ ഇവരുടെ കല്യാണം നടത്താന്‍ തീരുമാനിച്ചിരുന്നു. രാഭയേയും മജൂലി ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.