മുംബൈ: കാമുകന്റെ കൂടെ കഴിയണമെന്ന ആവശ്യം നിരാകരിക്കുകയും വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തതോടെ മനംനൊന്ത് 20കാരി ജീവനൊടുക്കി. മുംബൈയിലെ സബർബൻ ദഹിസാറിലെ റെയിൽവേ ട്രാക്കിന് സമീപമുള്ള കാമുകന്റെ വീട്ടിലെത്തിയാണ് യുവതി തൂങ്ങിമരിച്ചത്. പ്രണാലി ലോകാരെ എന്ന യുവതിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രണാലിയും 27 കാരനായ യുവാവും തമ്മിൽ ആറു മാസമായി പ്രണയത്തിലായിരുന്നു. ഞായറാഴ്ച രാത്രി ഇരുവരും ഒരുമിച്ച് ഒരു വിവാഹച്ചടങ്ങിനെത്തിയിരുന്നു. അന്ന് രാത്രി കാമുകന്റെ ഒപ്പം തങ്ങണമെന്ന് യുവതി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആവശ്യം നിരാകരിച്ച യുവാവ് യുവതിയോട് വീട്ടിലേക്ക് മടങ്ങാൻ നിർദേശിക്കുകയായിരുന്നു.
വീട്ടിൽ തിരികെ എത്തിയ യുവതി ഫോണിലൂടെയും യുവാവിനോട് ആവശ്യം ആവർത്തിച്ചു. രാത്രിയിൽ പുറത്തിറങ്ങുന്നത് സുരക്ഷയല്ലെന്നും പ്രദേശത്ത് നിരവധി മയക്കു മരുന്ന് ഉപയോഗിക്കുന്നവരടക്കം കറങ്ങുന്നുവെന്നും സ്വന്തം വീട്ടിൽ തന്നെ നിൽക്കാനും യുവാവ് ആവശ്യപ്പെട്ടെങ്കിലും യുവതി കേൾക്കാൻ കൂട്ടാക്കിയില്ല.
ആവശ്യം തുടർന്നതോടെ യുവാവ് വാട്സ്ആപ്പിൽ പ്രണാലിയെ ബ്ലോക്ക് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് യുവതി യുവാവിന്റെ വീട്ടിലെത്തിയത്. തുടർന്ന് അന്ന് അവിടെ തങ്ങാൻ യുവാവ് അനുവദിക്കുകയും ചെയ്തു. പിന്നീട് രാവിലെ യുവാവ് എഴുന്നേറ്റപ്പോഴാണ് യുവതി സ്വന്തം ഷാളിൽ സീലിങിൽ തൂങ്ങി നിൽക്കുന്നതായി കണ്ടത്.