ജനിച്ച് ദിവസങ്ങൾ മാത്രമായ ആൺ കുഞ്ഞിന്റെ മൃതദേഹം നായ കടിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കരൻപക്കുടി ചിന്നാൻകൊൻവയിലാണ് ദാരുണ സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്. ശേഷം, തുടർനടപടികൾ സ്വീകരിച്ചു. കുട്ടിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
കുഞ്ഞിനെ നായ കടിച്ചുകൊണ്ടുവരുന്നത് കണ്ട നാട്ടുകാർ, രക്ഷപ്പെടുത്തി പരിശോധിക്കുകയായിരുന്നു. പിന്നീട് കുട്ടിക്ക് ജീവൻ ഇല്ലെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
കുട്ടിയെ കഴുത്തിൽ, കടിച്ചെടുത്ത് നായ വരുന്നത് കണ്ട നാട്ടുകാർ, നായയെ വിരട്ടി ഓടിച്ച് കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീടാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം, മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു.
സമീപത്തെ ആശുപത്രികൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പുതുക്കോട്ട പൊലീസ് അന്വേഷണം നടത്തി വരികയാണ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നത്.