ബംഗളൂരു: മലയാളി യുവാവിനെ മാണ്ഡ്യയിലെ റെയില്‍ പാളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൂരാച്ചുണ്ട് ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെ മകന് ജംഷിദ് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. മാണ്ഡ്യയിലെ മദ്ദൂര്‍ റെയില്‍വേ സ്റ്റേഷനുസമീപത്തെ റെയില്‍പ്പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. ഒന്നരമാസംമുമ്പ് ഒമാനില്‍നിന്ന് അവധിക്കുവന്നതാണ് ജംഷിദ്. അടുത്ത് മടങ്ങാനിരിക്കേയാണ് മരണം.സുഹൃത്തുക്കളായ റിയാസ്, ഫെബിന് എന്നിവര്‍ക്കൊപ്പം കാറില്‍ നാട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ രാത്രി ഉറങ്ങാനായി ഇവര്‍ മദ്ദൂരിനടുത്ത് റെയില്‍പ്പാളത്തിനുസമീപം കാര്‍ നിര്‍ത്തിയതായി പറയുന്നു.
ഉണര്‍ന്നപ്പോള്‍ ജംഷിദിനെ കാറില്‍ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അടുത്തുള്ള റെയില്‍പ്പാളത്തില്‍ മൃതദേഹം കണ്ടത്. മദ്ദൂര്‍ പോലീസ് സ്റ്റേഷന്റെ പിറകുവശത്തെ റെയില്‍പ്പാളത്തിലായിരുന്നു മൃതദേഹം. ശനിയാഴ്ച രാത്രി റിയാസിനും ഷെബിനുമൊപ്പം ബെംഗളൂരുവിലേക്ക് പോയതായിരുന്നു ജംഷിദ്. സൗദയാണ് ജംഷിദിന്റെ മാതാവ്. സഹോദരി: മുഹ്സിന.