കോയമ്പത്തൂര്‍: സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി കത്തിച്ച യുവാവിന് ജീവപര്യന്തംതടവും പിഴയും ശിക്ഷ. കോയമ്പത്തൂരിലാണ് നാടിനെ നടുക്കിയ സംഭവം. സിങ്കാനല്ലൂര്‍ ഉപ്പിലിപാളയം സ്വദേശി ശരവണകുമാറിനാണ് (30) ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷവിധിച്ചത്.
മുപ്പത്തിയഞ്ചുകാരിയായ സംഗീതയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷവിധിച്ചത്. 2018 ഏപ്രില്‍ ഏഴിനായിരുന്നു സംഭവം. ഭര്‍ത്താവുമായി പിണങ്ങി താമസിക്കയായിരുന്ന സംഗീത, പത്തുവയസ്സുകാരിയായ മകളുമൊത്ത് അമ്മയോടൊപ്പം താമസിക്കയായിരുന്നു.
എന്നാല്‍ സംഗീത വീട്ടില്‍ താമസിക്കുന്നത് ശരവണ കുമാറിന് ഇഷ്ടമില്ലായിരുന്നു. സഹോദരിയെ വീട്ടില്‍നിന്ന് പറഞ്ഞയയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇവരുടെ അമ്മ മങ്കയര്ക്കരസി ശരവണനെ വഴക്കു പറയുമായിരുന്നു. സംഭവദിവസം അമ്മ വീട്ടിലില്ലാത്ത സമയം സഹോദരങ്ങള്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചു.
മൃതദേഹം വെട്ടി പെട്ടിയിലാക്കി ഇരുചക്രവാഹനത്തില്‍ കോയമ്പത്തൂര്‍ എയര്‍പ്പോര്‍ട്ടിന് പിറകിലെ കുറ്റിക്കാട്ടിലെത്തിച്ച് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഈ സമയത്തെല്ലാം സംഗീതയുടെ മകളും കൂടെയുണ്ടായിരുന്നു. സംഗീതയെ കാണാത്തതിനെ ക്കുറിച്ച് അമ്മ ചോദിച്ചപ്പോള്‍ ശരവണന് പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.