നോയിഡ: സ്കൂൾ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുന്നതിനിടെ തല തൂണിലിടിച്ച് മൂന്നാം ക്ലാസുകാരൻ മരിച്ചു. ഗാസിയാബാദിലെ മോദിനഗർ പട്ടണത്തിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ അനുരാഗ് മെഹ്റയാണ് ദാരുണമായി മരണപ്പെട്ടത്.
ബുധനാഴ്ച രാവിലെ സ്കൂൾ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ തല തൂണിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് പറഞ്ഞു. സ്കൂൾ അധികൃതരുടെ ഭാഗത്ത് അലംഭാവം ഉണ്ടായെന്ന് ആരോപണവുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.