ജയ്പുര്‍: ‘അജ്ഞാത രോഗം’ ബാധിച്ച് ഏഴു കുട്ടികള്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലാണ് സംഭവം. രണ്ടിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് എല്ലാവരും. കുട്ടികളില്‍ പനി മുതല്‍ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങളും ഇവര്‍ കാണിക്കുന്നുണ്ടായിരുന്നു.
രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. ഏപ്രില്‍ 9 മുതല്‍ 13 വരെയുള്ള ദിവസങ്ങള്‍ക്കിടയിലാണ് എല്ലാവരും മരിച്ചത്. സിരോഹിയിലെ ഫുലാബായ് ഖേഡ, ഫുലാബെര്‍ ഗ്രാമങ്ങളില്നിന്നുള്ളവരാണിവര്. ലക്ഷണങ്ങള്‍ കാണിച്ച് അതേ ദിവസം തന്നെ മരിക്കുകയാണ് എല്ലാവരും.
അതേസമയം, കുട്ടികളുടെ മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജഗേശ്വര്‍ പ്രസാദ് പറഞ്ഞു. വൈറല്‍ രോഗം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഔദ്യോഗിക റിപ്പോര്‍ട്ട് വരുന്നതുവരെ ഇതു സ്ഥിരീകരിക്കാനാകില്ല.
മരിച്ച 7ല്‍ മൂന്നുപേര്‍ പ്രാദേശികമായി ഉണ്ടാക്കിയ ഐസ് കഴിച്ചവരാണെങ്കിലും ഭക്ഷ്യവിഷബാധയെന്നത് പ്രസാദ് തള്ളിക്കളഞ്ഞു. ജയ്പുരില്‍നിന്നും ജോധ്പുരില്‍നിന്നുമുള്ള ഡോക്ടര്‍മാരുടെ സംഘം സ്ഥലം സന്ദര്‍ശിക്കും.