വഡോദര: പ്രണയത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം. പ്രണയം അവസാനിപ്പിച്ചതിന് 19കാരിയെ അതിക്രൂരമായി വെട്ടിക്കൊന്ന് 23കാരന്. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന സംഭവം. തൃഷ സോളാങ്കിയാണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ കല്‍പേഷ് ഠാക്കൂര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയെ പലതവണ വെട്ടിയ ശേഷം ശരീരത്തില്‍ നിന്നും കയ്യും പ്രതി വെട്ടിമാറ്റി. മൂന്നുവര്‍ഷമായി തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന് യുവാവ് പൊലീസിനോട് പറയുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തൃഷ പ്രണയത്തില്‍ നിന്നും പിന്മാറുന്നതായും തനിക്ക് മറ്റൊരു സൗഹൃദം ഉണ്ടെന്നും കല്‍പേഷിനെ അറിയിക്കുകയായിരുന്നു.
also read: ചെള്ളിന്റെ വലിപ്പം, കടിച്ചാല്‍ ചൊറിച്ചില്‍; ചെറുജീവിയുടെ ആക്രമണത്തില്‍ വലഞ്ഞ് വീട്ടുകാര്‍
പ്രണയം തുടരണമെന്ന് പലതവണ യുവാവ് ആവശ്യപ്പെട്ടിട്ടും യുവതി വഴങ്ങിയില്ല. ഇതോടെ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്താനും ആരംഭിച്ചു. നേരിട്ട് കണ്ട് സംസാരിക്കണം എന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാള്‍ യുവതിയുമായി എത്തി.
കയ്യില്‍ കരുതിയിരുന്ന ആയുധം വച്ച് ഇയാള്‍ യുവതിയുടെ കഴുത്തില്‍ ആഞ്ഞുവെട്ടി. പിന്നീട് പലതവണ വെട്ടി മരണം ഉറപ്പിച്ചു. മൃതദേഹത്തില്‍ നിന്നും കയ്യും വെട്ടിമാറ്റി. പിന്നീട് സ്ഥലം വിടുകയും ചെയ്തു. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തി പൊലീസിനെ അറിയിച്ചത്. ആധാര്‍ കാര്‍ഡ് മൃതദേഹത്തില്‍ നിന്നും കിട്ടിയതോടെയാണ് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞത്.