ചെന്നൈ: വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിച്ചതിന് പിന്നാലെ ഭീഷണി നേരിട്ടതിനാല്‍ പൊലീസില്‍ അഭയം പ്രാപിച്ച് മന്ത്രിയുടെ മകളും ഭര്‍ത്താവും. തമിഴ്നാട്ടിലാണ് സംഭവം. നവദമ്പതികളായ തമിഴ്നാട് ദേവസ്വം മന്ത്രി പികെ ശേഖര്‍ റാവുവിന്റെ മകളും ഭര്‍ത്താവുമാണ് ബംഗ്ളൂരു പൊലീസില്‍ അഭയം തേടിയെത്തിയത്.
ഡോ: ജയകല്ല്യാണിയും സന്തോഷ് കുമാറുമാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്തത്. പിന്നാലെ ഇരുവര്‍ക്കും ഡിഎംകെ പ്രവര്‍ത്തകരുടെ വധഭീഷണിയെത്തി. വിവാഹിതരായെന്ന് അറിഞ്ഞത് മുതല്‍ ഭര്‍ത്താവിനെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഉണ്ടായെന്ന് ജയകല്ല്യാണി പറയുന്നു.
കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും ഹിന്ദു ആചാരപ്രകാരം കര്‍ണാടകയിലെ ഒരു ക്ഷേത്രത്തില്‍വെച്ചാണ് വിവാഹിതരായത്. പിന്നാലെ മകളെ കാണാനില്ലെന്നാരോപിച്ച് മന്ത്രി പൊലീസില്‍ പരാതി നല്‍കിയതായാണ് വിവരം. തുടര്‍ന്നാണ് ഭീഷണി സന്ദേശം.
‘ഇതിന് പിന്നില്‍ എന്റെ പിതാവിന്റെ പങ്ക് ഞാന്‍ സംശയിക്കുന്നു. ഞാന്‍ പ്രായപൂര്‍ത്തിയായ ആളാണ്, ഞങ്ങള്‍ ഇരുവരും പരസ്പരം സ്നേഹിക്കുകയും വിവാഹിതരാവുകയും ചെയ്തു. ഞങ്ങള്‍ക്ക് വധഭീഷണി ഉണ്ടായിരുന്നു, അതിനാല്‍ സംരക്ഷണം ആവശ്യപ്പെട്ട് ഞങ്ങള്‍ ബെംഗളൂരു പോലീസ് കമ്മീഷണറെ സമീപിച്ചു,’ ജയകല്ല്യാണി പറയുന്നു.
2021 ജനുവരിയിലാണ് ഇരുവരുടേയും ബന്ധം ജയകല്ല്യാണിയുടെ വീട്ടില്‍ അറിയുന്നത്. പിന്നീട് സെപ്തംബറില്‍ ഇരുവരും ഒളിച്ചോടി വിവാഹം ചെയ്യാന്‍ ശ്രമിച്ചെങ്കിലും മുംബൈയില്‍വെച്ച് തമിഴ്നാട് പൊലീസിന്റെ പിടിയിലായി. സതീഷിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.