ചെന്നൈ: മേയറാവാന്‍ ഒരുങ്ങി ഓട്ടോറിക്ഷാ ഡ്രൈവര്‍. 42 കാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ.ശരവണനാണ് കുംഭകോണം കോര്‍പ്പറേഷന്റെ മേയറാകാന്‍ ഒരുങ്ങുന്നത്. ഡിഎംകെ സഖ്യത്തിലുള്ള കോണ്‍ഗ്രസിന് കുംഭകോണം മേയര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ള അവസരം ലഭിച്ചതോടെയാണ് ശരവണനെ കോണ്‍ഗ്രസ്സ്, മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.
ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ളയാളാണ് ശരവണന്. മേയര്‍ സ്ഥാനത്ത് എത്തിയാല്‍ പുതുതായി നവീകരിച്ച കുംഭകോണം കോര്‍പ്പറേഷന്റെ ആദ്യ മേയര്‍ കൂടിയാകും ശരവണന്.
also read: മകളെ ശല്യം ചെയ്യുന്നത് വിലക്കി, മാതാപിതാക്കളെ വീട്ടില്‍ക്കയറി തല്ലി 19കാരന്, അറസ്റ്റ്
കഴിഞ്ഞ എട്ട് വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുകയാണ് താനെന്നും കുംഭകോണത്തെ ജനങ്ങളെ സേവിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ശരവണന് പറഞ്ഞു. പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുമുള്ള ശരവണന് ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
17ാം വാര്‍ഡില്‍ നിന്നുമാണ് ശരവണന് തെരഞ്ഞെടുക്കപ്പെട്ടത്. 48 അംഗ കൗണ്‍സിലില്‍ തന്റെ പാര്‍ട്ടിക്ക് രണ്ട് അംഗങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും, ഡിഎംകെ അംഗങ്ങളുടെ സഹകരണത്തോടെ നഗരസഭയെ നന്നായി നയിക്കാന്‍ തനിക്ക് കഴിയുമെന്ന് ശരവണന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കുംഭകോണം ടൗണിലെ തൂക്കംപാളയം തെരുവില്‍ വാടക വീട്ടിലാണ് ശരവണന് താമസിക്കുന്നത്.