ലഖ്നൗ: അഞ്ചുവയസ്സുകാരിയെ കുരങ്ങുകള്‍ കടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലാണ് നടുക്കുന്ന സംഭവം. ബിച്പുരി ഗ്രാമത്തിലെ നന്ദ് കിഷോറിന്റെ മൂന്നുമക്കളില്‍ ഏറ്റവും ഇളയ കുട്ടിയായ നര്‍മദയാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് നര്‍മദയെ കുരങ്ങുകള്‍ ആക്രമിച്ചത്.
ബിത്രി ചെന്‍പുര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വച്ചാണു സംഭവം. പ്രദേശത്തു കൂടിയൊഴുകുന്ന നകടിയ നദിയുടെ കരയില്‍ തന്റെ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു പെണ്‍കുട്ടി. പൊടുന്നനെ കുരങ്ങുകളുടെ സംഘമെത്തി കുട്ടികളെ ആക്രമിക്കുകയായിരുന്നു.
also read: ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കള്‍ മരിച്ചു, ഒറ്റമുറി വീട് ജപ്തി ഭീഷണിയിലും, ആരോരുമില്ലാതെ 15കാരി
മറ്റു കുട്ടികള്‍ രക്ഷപ്പെട്ടെങ്കിലും നര്‍മദയ്ക്ക് രൂക്ഷമായ ആക്രമണമേറ്റു. ശരീരത്തില്‍ മുറിവുകള്‍ പറ്റി രക്തം ഒരുപാടൊഴുകിപ്പോയതോടെ മരണം സംഭവിച്ചു. നേരത്തെ പ്രദേശത്ത് കോഴികളെയും മറ്റു വളര്‍ത്തുമൃഗങ്ങളെയും കുരങ്ങന്മാര് ആക്രമിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ ആക്രമിച്ച സംഭവങ്ങള്‍ കുറവാണെന്നു നാട്ടുകാര്‍ പറയുന്നു.
കുരങ്ങന്മാരെ എത്രയും പെട്ടെന്ന് കെണിവച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസിനു പരാതി നല്കി.വനംവകുപ്പിന്റെയും തദ്ദേശ ഭരണകൂടത്തിന്റെയും സഹായം തേടിയിട്ടുണ്ട്. യുപിയിലെ ബാഗ്പത്തില്‍ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ ഉറങ്ങിക്കിടന്ന കേശവ് കുമാറെന്ന രണ്ടു മാസം പ്രായമുള്ള ശിശുവിനെ പ്രദേശത്തുള്ള ചില കുരങ്ങുകള്‍ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞുകൊന്ന സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ജനുവരി 11നായിരുന്നു സംഭവം.