ശശി തരൂരിന്റെ ട്വീറ്റിലെ അക്ഷരത്തെറ്റിനെ സോഷ്യല്‍മീഡിയയിലൂടെ പരിഹസിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. ട്വിറ്ററിലൂടെയാണ് തരൂരിന്റെ ട്വീറ്റിലെ അക്ഷരത്തെറ്റ് കണ്ടെത്തി ബിജെപി മന്ത്രി പരിഹസിച്ചത്. ബജറ്റ്, റിപ്ലെ എന്നീ വാക്കുകളുടെ സ്പെല്ലിങാണ് ശശി തരൂരിന് തെറ്റിപോയത്.
നിര്‍മല സീതാരാമന്റെ ബജറ്റിനെ പരിഹസിച്ചുകൊണ്ട് പങ്കിട്ട കുറിപ്പിലാണ് തരൂരിന് തെറ്റുപറ്റിയത്. ഇതില്‍ രാംദാസ് അത്തേവാലയെ കൂടി ഉന്നമിട്ട് തരൂര്‍ ട്രോളിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് അത്തേവാല തരൂരിന്റെ ട്വീറ്റിലെ രണ്ട് അക്ഷരത്തെറ്റില്‍ കയറിപ്പിടിച്ചത്.
ഇംഗ്ലീഷില്‍ വാക്കുകള്‍ കൊണ്ട് മുന്‍പ് വിസ്മയിപ്പിച്ച തരൂരിനെ ട്രോളാന്‍ കിട്ടിയ അവസരം അദ്ദേഹം ശരിക്കും ഉപയോഗിച്ചു. ‘പ്രിയപ്പെട്ട ശശി തരൂര്‍ ജീ, ആവശ്യമില്ലാത്ത വാദങ്ങള്‍ ഉയര്‍ത്തുമ്പോള്‍ തെറ്റു പറ്റുന്നത് സ്വഭാവികമാണ്. ബൈജെറ്റ് (bydget) അല്ല ബജറ്റ് (budget). അതുപോലെ റെലി (rely) അല്ല റിപ്ലെ (reply). സാരമില്ല, ഞങ്ങള്‍ക്ക് മനസിലാകും,’ തരൂരിനെ ട്രോളി കൊണ്ട് അത്തേവാല കുറിച്ചു.
Dear Shashi Tharoor ji, they say one is bound to make mistakes while making unnecessary claims and statements.
It’s not “Bydget” but BUDGET.
Also, not rely but “reply”!
Well, we understand! https://t.co/sG9aNtbykT
— Dr.Ramdas Athawale (@RamdasAthawale) February 10, 2022
പിന്നാലെ തെറ്റ് തിരുത്താം രാംദാസ് ജി എന്ന് പറഞ്ഞ് തരൂരും രംഗത്തെത്തി. അക്ഷരതെറ്റ് ടൈപ്പിങ് പിഴവാണെന്ന് അദ്ദേഹം പറയുന്നു.