മുംബൈ : കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ഗായിക ലതാ മങ്കേഷ്കറിന്റെ നില ഗുരുതരം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ് ലതാ മങ്കേഷ്കർ. ഇക്കഴിഞ്ഞ ജനുവരി 11നാണ് കൊവിഡ് ബാധയേൽക്കുന്നത്. തുടർന്ന് ലതാ മങ്കേഷ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ന്യുമോണിയയും ഗായികയെ അലട്ടിയിരുന്നു. 1942-ൽ 13-ാം വയസ്സിൽ തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്കർ നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങളാണ് പാടിയത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പിന്നണിഗായകരിൽ ഒരാളായ ലതാ മങ്കേഷ്കറിന് 2001 ൽ ഭാരതരത്ന നൽകി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷൺ, പദ്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം, മറ്റ് നിരവധി പുരസ്കാരങ്ങൾ ലതാ മങ്കേഷ്കറിന് ലഭ്യമായിട്ടുണ്ട്.