മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎയുടെ മകൻ ഉൾപ്പെടെ ഏഴ് വിദ്യാർത്ഥികൾ വാഹനാപകടത്തിൽ മരിച്ചു. എംഎൽഎ വിജയ് രഹാങ്കഡേലിന്റെ മകൻ അവിഷ്കർ രഹാങ്കഡേലും സുഹൃത്തുക്കളുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ സെൽസുര ഗ്രാമത്തിന് സമീപമുള്ള പാലത്തിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.
ദിയോലിയിൽ നിന്ന് വാർധയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച 11.30ഓടെയാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന എല്ലാവരും വാർധ സവാങ്കി മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വാർധ പോലീസ് സൂപ്രണ്ട് പ്രശാന്ത് ഹോൽകർ പറഞ്ഞു.
also read- വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങി; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
വിദ്യാർത്ഥികൾ ജീവൻ നഷ്ടമായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.