ചെന്നൈ: പ്രമുഖ റിയാലിറ്റി ഷോ താരം സമന്വി രൂപേഷ് വാഹനാപകടത്തില്‍ മരണമടഞ്ഞു. ‘നന്നമ്മ സൂപ്പര്‍ സ്റ്റാര്‍’ എന്ന കന്നഡ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ബാലതാരവും പ്രമുഖ ഹരികഥ കലാകാരന് ഗുരുരാജുലുവിന്റെ കൊച്ചുമകളുമായ ആറ് വയസ്സുകാരി സമന്വി രൂപേഷാണ് മരിച്ചത്.
സ്കൂട്ടര്‍ അപകടത്തിലായിരുന്നു അന്ത്യം. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. കനകപുരറോഡിലെ വജറഹള്ളി ക്രോസില്‍ 223-ാം നമ്പര്‍ മെട്രോ തൂണിനുസമീപമായിരുന്നു അപകടം.
ഷോപ്പിങ്ങിനുശേഷം അമൃതയും സമന്‍വിയും സ്കൂട്ടറില്‍ വീട്ടിലേക്കു പോവുകയായിരുന്നു. ഈ സമയം കൊനനകുണ്ഡെ ക്രോസില്‍ നിന്ന് നൈസ് റോഡിലേക്ക് അതിവേഗത്തില്‍ പോയ ട്രക്ക് സ്കൂട്ടറിന്റെ പിറകില്‍ ഇടിച്ചു. ഇതേത്തുടര്‍ന്ന് ഇരുവരും റോഡില്‍ വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമന്‍വിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ടെലിവിഷന്‍ താരമായ അമ്മ അമൃത നായിഡുവിനെ (34) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമന്‍വിയുടെ അച്ഛന് രൂപേഷ് ഹുളിമാവില്‍ ട്രാഫിക് വാര്‍ഡനാണ്.