ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അതിവേഗമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്കി പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,17,100 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒമിക്രോണ്‍ ആശങ്കയും വര്‍ധിക്കുകയാണ്. ഇതുവരെ 3000 പേര്‍ക്കാണ് ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു കഴിഞ്ഞത്. 26 സംസ്ഥാനങ്ങളില്‍ പുതിയ വകഭേദം സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. കേരളത്തില്‍ കഴിഞ്ഞ ദിവസമാണ് ഏറ്റവും കൂടുതല്‍ പ്രതിദിന ഒമിക്രോണ്‍ ബാധ സ്ഥീരീകരിച്ചത്.
50 പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത് അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ നോക്കികാണുന്നത്. ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 3.52 കോടി പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് മൂന്നാം തരംഗം ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയിലെ മെട്രോ നഗരങ്ങളെയായിരിക്കും. ഡല്‍ഹിയും മുംബൈയും കാര്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് നോക്കികാണുന്നത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 36,265 പുതിയ കേസുകളാണ്.
മുംബൈ നഗരത്തില്‍ മാത്രം 20,181 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ വാരന്ത്യ ലോക്ഡൗണ്‍, സമ്പൂര്‍ണ ലോക്ഡൗണ്‍ എന്നിവ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ തീരുമാനം അന്തിമമായിരിക്കും.