കൊല്‍ക്കത്ത: മതത്തിന്റെ പേരില്‍ പലയിടത്തും അക്രമങ്ങള്‍ ഉണ്ടാവുമ്പോള്‍ സാമുദായിക സൗഹാര്‍ദ്ദം വ്യക്തമാക്കി തരുന്ന, ഒരു ഹിന്ദു കുടുംബം പരിപാലിക്കുന്ന മുസ്ലീം പള്ളിയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ഇത് ഒരു മുസ്ലീം പള്ളിയാണെങ്കിലും അവിടെ പ്രാര്‍ത്ഥിക്കാനായി എത്തുന്നവരില്‍ മുസ്ലിംകള് മാത്രമല്ല, മറ്റ് മതക്കാരും ഉള്‍പ്പെടുന്നു.
കൊല്‍ക്കത്തയില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ വടക്ക് മാറി ബരാസത്ത് എന്ന സ്ഥലത്താണ് അമാനതി മസ്ജിദ്. ഈ പള്ളിയ്ക്ക് ചുറ്റും ഒരു മുസ്ലീം വീട് പോലുമില്ല. മാത്രമല്ല. ഈ പള്ളി പരിപാലിക്കുന്നത് ഒരു ഹിന്ദുകുടുംബമാണ്. കുടുംബനാഥന്റെ പേര് പാര്‍ത്ഥസാരഥി ബസു.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭൂമിയിലാണ് ഈ പള്ളി. ആ കുടുംബമാണ് 50 വര്‍ഷത്തിലേറെയായി പള്ളി നോക്കി നടത്തുന്നത്. എല്ലാ വര്‍ഷവും റമദാന് കാലത്ത് അവര്‍ മുസ്ലിം സഹോദരങ്ങള്‍ക്കൊപ്പം നോമ്പ് മുറിക്കുന്നു. 1964-ല്‍ നടന്ന കലാപത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഒരു ഹിന്ദു കുടുംബമാണ് ബസുവിന്റേത്.
ബസുവിന്റെ മുത്തച്ഛന് തന്റെ പൂര്‍വ്വിക ഭൂമി ബരാസത്തിലെ ഒരു മുസ്ലിം കുടുംബത്തിന്റെ ഭൂമിയുമായി കൈമാറ്റം ചെയ്തു. തുടര്‍ന്ന് ബരാസത്തിലെത്തി സ്ഥലം സന്ദര്‍ശിച്ചപ്പോള്‍, ഭൂമിയില്‍ ഒരു അനാഥമായ ഒരു മുസ്ലിം പള്ളി കണ്ടെത്തി. ഭൂമിയെ സംബന്ധിക്കുന്ന രേഖകളില്‍ ഒന്നും പള്ളിയെ കുറിച്ച് ഒരു പരാമര്‍ശം പോലുമില്ലാതിരുന്നത് അവരെ അത്ഭുതപ്പെടുത്തി.
500 വര്‍ഷം പഴക്കമുള്ള ആ മുസ്ലിം പള്ളി ആകെ പൊട്ടിപൊളിഞ്ഞ അവസ്ഥയിലായിരുന്നു. അവര്‍ ഹിന്ദുക്കളായതിനാല്‍ പള്ളി പൊളിച്ചുമാറ്റാന്‍ അയല്‍ക്കാര്‍ അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അത് ചെയ്ത്. മാത്രമല്ല, പള്ളിക്ക് ചുറ്റുമുള്ള സ്ഥലം വൃത്തിയാക്കി അത് പ്രാര്‍ഥിക്കാനുള്ള ഇടമാക്കി മാറ്റി. ഇന്ന് പല ദിക്കുകളില്‍ നിന്നുമുള്ള വിശ്വാസികള്‍ ഇവിടെ പ്രാര്‍ത്ഥിക്കാനായി എത്തുന്നു.