ലഖ്നൗ: കുറിച്ചുതന്ന ഭാഗ്യനമ്പറിന് ലോട്ടറിയടിക്കാത്തതില്‍ ക്ഷുഭിതനായി ആള്‍ദൈവത്തെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവം രാമദാസ് ഗിരി(56)യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിജ്നോര്‍ ചഹ്ശിരി മൊഹല്ല സ്വദേശി മുഹമ്മദ് ജിഷാന്‍ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെയാണ് രാമദാസ് ഗിരിയെ ബിജ്നോര്‍ നങ്ഗല്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. രാമദാസ് ഗിരി കുറിച്ച് നല്കിയ നമ്പറില്‍ ലോട്ടറി ടിക്കെറ്റടുത്തിട്ടും സമ്മാനം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ലോട്ടറി എടുക്കുന്നവര്‍ക്ക് സമ്മാനം ലഭിച്ചേക്കാവുന്ന ടിക്കറ്റുകളുടെ നമ്പറുകള്‍ ഇദ്ദേഹം കുറിച്ചുനല്‍കിയിരുന്നു. ഇത്തരത്തില്‍ നറുക്കെടുപ്പിന്റെ ഭാഗ്യനമ്പറുകള്‍ പ്രവചിച്ചാണ് ഇയാള്‍ പ്രശസ്തി നേടിയിരുന്നത്. നമ്പര്‍ കുറിച്ചുനല്‍കിയവരില്‍ ചിലര്‍ക്ക് വന്‍ സമ്മാനങ്ങള്‍ ലഭിച്ചതോടെ രാമദാസ് ഗിരിയുടെ പ്രശസ്തി വര്‍ധിച്ചു.
അങ്ങനെയാണ് മുഹമ്മദ് ജിഷാനും രാമദാസ് ഗിരിയുടെ അടുത്തെത്തിയത്. 51,000 രൂപയും മൊബൈല്‍ഫോണും ദക്ഷിണയായി നല്‍കിയാണ് രാമദാസ് ഗിരിയില്‍നിന്ന് ജിഷാന്‍ ഭാഗ്യനമ്പറുകള്‍ വാങ്ങിയത്. തുടര്‍ന്ന് അഞ്ച് ലക്ഷം രൂപയ്ക്ക് ഈ നമ്പറുകളുടെ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി. എന്നാല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ജിഷാന്‍ ഒരു സമ്മാനവും ലഭിച്ചില്ല.
ഇതോടെ പ്രകോപിതനായ ജിഷാന്‍ രാമദാസ് ഗിരിയെ വലിയ വടി കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായും പ്രതി കുറ്റംസമ്മതിച്ചതായും പോലീസ് പറഞ്ഞു. കൊലക്കുറ്റം അടക്കം ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.