തിരുവനന്തപുരം: സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന് പ്രദീപ് കുമാറിന്റെ കുടുംബത്തിന് താങ്ങായി കേരളസര്‍ക്കാര്‍. ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍കും. പിതാവിന്റെ ചികില്‍സയ്ക്ക് മൂന്ന് ലക്ഷം രൂപയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു.
എ പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചതായി റവന്യു വകുപ്പ് മന്ത്രി കെ രാജന് പത്രസമ്മേളനത്തിലൂടെയാണ് അറിയിച്ചത്. തൃശ്ശൂര്‍ പൊന്നൂക്കര സ്വദേശിയാണ് വ്യോമസേനയിലെ ജൂനിയര്‍ വാറണ്ട് ഓഫീസറായിരുന്ന പ്രദീപ് കുമാര്‍.
കുടുംബത്തിന്റെ ഏക വരുമാനദായകനായ പ്രദീപ് ഇല്ലാതായതോടെ കുടുംബ സ്ഥിതി ദുരിത പൂര്‍ണ്ണമായി. അച്ഛന് ദീര്‍ഘനാളുകളായി ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു പോവുന്നത്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍കുന്നതിനും, സര്‍ക്കാരിന്റെ സൈനിക ക്ഷേമ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ നല്‍കുന്നതിനും വേണ്ടി തീരുമാനിച്ചത്.
ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലിയായിരിക്കും നല്‍കുക എന്നും മന്ത്രി അറിയിച്ചു. അതേസമയം, പ്രദീപ് കേരളത്തിന് നല്കിയ സേവനങ്ങള്‍ സര്‍ക്കാര്‍ വളരെ സ്നേഹത്തോടെയും അഭിമാനത്തോടെയും ഓര്‍ക്കുകയാണ്. 2004 ല്‍ വ്യോമസേനയില്‍ ജോലി ലഭിച്ചതിനു ശേഷം സേനയുടെ ഭാഗമായി വിവിധങ്ങളായ മിഷനുകളില്‍ അംഗമായി പ്രവര്‍ത്തിച്ചു. അതിലുപരിയായി 2018 ല്‍ കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സന്നദ്ധമായി സേവനമനുഷ്ടിച്ച പ്രദീപിനെ നന്ദിയോടെ സര്‍ക്കാര്‍ സ്മരിക്കുകയാണ്.