ചെന്നൈ: ജനക്കൂട്ടം നോക്കി നില്‍ക്കെ മകനെ കൊന്ന സംഘത്തില്‍പ്പെട്ടയാളെ നടുറോഡില്‍ വെട്ടിക്കൊന്ന് എഴുപതുകാരന്. തമിഴ്നാട്ടിലെ തേനി ഉത്തമപാളയത്താണ് സംഭവം. ഉത്തമപാളയം കോടതിയിലെ അഭിഭാഷകനായ കടലൂര്‍ സ്വദേശി മദനനാണു കൊല്ലപ്പെട്ടത്.
സംഭവത്തില്‍ കൂടല്ലൂരിനടുത്തുള്ള കുള്ളപ്പ ഗൗണ്ടന്‍പെട്ടി സ്വദേശിയായ എഴുപതുകാരന് കരുണാനിധി മക്കളായ സെല്‍വേന്ദ്രന്‍, കുമാര്‍ എന്നിവരാണു പിടിയിലായത്. കഴിഞ്ഞ വര്‍ഷമാണ് ഭൂമിവില്പന സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് രഞ്ജിത്ത് കുമാറെന്ന അഭിഭാഷകന് കൊല്ലപ്പെട്ടത്.
ഈ കേസിലെ പ്രതിയായിരുന്നു മദനന്. ജയിലിലായിരുന്ന മദനന് ഈയിടെയാണു പുറത്തിറങ്ങിയത്. മകന്റെ മരണത്തിനു പ്രതികാരം വീട്ടാന്‍ കരുണാനിധിയും മക്കളും നടത്തിയ ആസൂത്രിത കൊലയാണു മദനന്റേതെന്ന് ഉത്തമപാളയം പൊലീസ് സ്ഥിരീകരിച്ചു.
ഇന്നലെ ഉച്ചയോടെ കോടതിയില്‍ നിന്നു സ്വന്തം ഓഫീസിലേക്കു ബൈക്കില്‍ പോകുന്നതിനിടെ ഉത്തമപാളയം പഞ്ചായത്തു യൂണിയന് ഓഫീസിനു സമീപത്തായിരുന്നു ആക്രമണം. മദനന്റെ ബൈക്കില്‍ കാറിടിപ്പിച്ചു വീഴ്ത്തിയതിനുശേഷം വെട്ടിക്കൊല്ലുകയായിരുന്നു. കേസില്‍ 8 പേര് കൂടി പിടിയിലാകാനുണ്ട്.