മദ്യപിച്ച് ലക്കുകെട്ട് വിവാഹവേദിയിലെത്തിയ വരനെ തിരിച്ച് അയച്ച് വധുവും വീട്ടുകാരും. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. വിവാഹത്തിന് താത്പര്യമില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ അറിയിച്ചതോടെ വഴക്കിട്ട വരനെയും ബന്ധുക്കളെയും പോലീസ് എത്തിയാണ് തിരിച്ചയച്ചത്.
ഒന്നുനില്ക്കാന് പോലും പറ്റാത്ത വിധം മദ്യപിച്ച ശേഷമാണ് വരനും കൂട്ടുകാരും വിവാഹവേദിയിലേക്ക് എത്തിയത്. വരവില്‍ തന്നെ പന്തികേട് തോന്നിയ വധു കാര്യങ്ങള്‍ അന്വേഷിച്ചു. ഇതോടെയാണ് മദ്യപിച്ച് ലക്ക് കെട്ട അവസ്ഥയിലാണ് വരനെന്ന് വധു തിരിച്ചറിയുന്നത്.
ഇതോടെ തനിക്ക് ഈ വിവാഹം വേണ്ടെന്ന് വധു ആ വേദിയില്‍ തന്നെ തീരുമാനമെടുത്തു. മകളുടെ തീരുമാനം ഒരു എതിര്‍പ്പുമില്ലാതെ വീട്ടുകാരും അംഗീകരിച്ചതോടെ വരനോടും വീട്ടുകാരോടും സുഹൃത്തുക്കളോടും വേദിയില്‍ നിന്ന് ഇറങ്ങി പോകാന്‍ ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴേക്കും പൊലീസും സ്ഥലത്തെത്തി. വധുവിന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.