ചെന്നൈ: തമിഴ്നാട്ടില്‍ പലയിടത്തും അതിശക്തമായ മഴ തുടരുകയാണ്. കനത്ത മഴക്കിടെ ശ്മശാനത്തിലെ കല്ലറക്ക് മീതെ മയങ്ങിയ നിലയില്‍ കണ്ടെത്തിയ യുവാവിനെ സ്വന്തം ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച വനിത പൊലീസ് ഇന്‍സ്പെക്ടറുടെ വാര്‍ത്തയും ചിത്രങ്ങളുമാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ ചെന്നൈ കീഴ്പാക്കം ടി.പി സത്രം ഭാഗത്തെ കല്ലറക്ക് മീതെ ശ്മശാനം ജീവനക്കാരനായ ഉദയകുമാര്‍ (28) ആണ് അബോധാവസ്ഥയില്‍ കിടന്നിരുന്നത്. കനത്ത മഴ കാരണം ഉദയകുമാര്‍ വീട്ടിലേക്ക് പോകാതെ ശ്മശാനത്തില്‍ തന്നെ കിടക്കുകയായിരുന്നു.
അതിനിടയിലാണ് വന്‍ വൃക്ഷം കടപുഴകി ഉദയകുമാറിന്റെ മീതെ വീണത്. മരം വീണ് മരിച്ചതായി സംശയിച്ച സമീപവാസികള്‍ ഉടനടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനിത പൊലീസ് ഇന്‍സ്പെക്ടര്‍ സ്വന്തം ചുമലിലേറ്റിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. പോലീസുദ്യോഗസ്ഥയ്ക്ക് അനുമോദന പ്രവാഹമാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.