ബംഗളൂരു: ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് രക്തം കൊണ്ടെഴുതിയ കത്ത്. വിശ്വാസികള്‍ സമര്‍പ്പിച്ച കാണിക്കകള്‍ പരിശോധിക്കുന്നതിനിടെ ലഭിച്ച കത്താണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. കാമുകനൊപ്പം ജീവിക്കാന്‍ ഉള്ള അവസരം ഉണ്ടാക്കിത്തരണം എന്നാണ് ദൈവത്തിനുള്ള ഈ കത്തില്‍ പറയുന്നത്.
കര്‍ണാടകയിലെ ഹാസനിലെ ഹാസനാംബ ക്ഷേത്രത്തിലാണ് കത്ത് ലഭിച്ചത്. . വര്‍ഷത്തില്‍ ഒരിക്കല്‍ ഉല്‍സവത്തിന് മാത്രമാണ് ക്ഷേത്രം തുറക്കുന്നത്. വിശ്വാസികളുടെ വലിയ നിര തന്നെ ദര്‍ശനത്തിന് എത്തും. വഴിപാടുകളും കാണിക്കകളും നല്‍കും. ഇത്തവണ ഉല്‍സവത്തിന് ശേഷം കാണിക്ക വഞ്ചിയിലെ പണം എണ്ണിയപ്പോഴാണ് രക്തം െകാണ്ട് എഴുതിയ ഒരു കത്ത് ലഭിച്ചത്.
വീട്ടുകാര്‍ തനിക്ക് വേറെ കല്യാണം ആലോചന നടത്തിയാല്‍ അത് തടയണമെന്നും കാമുകനൊപ്പം ജീവിക്കാന്‍ അനുഗ്രഹിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. രക്തം കൊണ്ട് കന്നഡയിലാണ് കത്ത് യുവതി എഴുതിയിരിക്കുന്നത്. യുവതിയുടെ പേര് വിവരം ക്ഷേത്രം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, മറ്റ് വിഷയങ്ങള്‍ ദൈവത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന വിധമുള്ള കത്തുകളും കൂട്ടത്തിലുണ്ട്.