കൂടെപ്പിറപ്പിനെ നഷ്ടമായ വേദനയില്‍ കുഴിമാടത്തിനടുത്ത് കാവലിരിക്കുന്ന പൂച്ചയുടെ ചിത്രം നൊമ്പരക്കാഴ്ചയാവുന്നു. തന്റെ പ്രിയപ്പെട്ട കൊക്കോയുടെ കുഴിമാടത്തിനരികില്‍ നിന്ന് മാറാതെ ലിയോ അവിടെത്തന്നെ കഴിയുകയാണ്. ലിയോയുടെ ഈ വിചിത്ര പെരുമാറ്റം കുടുംബത്തിലുള്ളവര്‍ക്ക് അടക്കം അദ്ഭുതമായിരുന്നു.
പേര്‍ഷ്യന്‍ പൂച്ചകളായ ലിയോയും കൊക്കോയും അത്രയേറെ സൗഹൃദത്തിലായിരുന്നു ഗുജറാത്തിലെ വല്‍സാദില്‍ റെയില്‍വേ ഉദ്യോഗസ്ഥനായ മുന്നാവര്‍ ഷെയ്ഖിന്റെ വീട്ടില്‍ കഴിഞ്ഞിരുന്നത്. മൂന്നു വര്‍ഷത്തിലധികം രണ്ടു പൂച്ചകളെയും കുടുംബം ഏറെ സ്നേഹത്തോടെ വീട്ടില്‍ വളര്‍ത്തുകയും ചെയ്തു.
എന്നാല്‍ പെട്ടെന്നൊരു ദിവസം വീട്ടുമുറ്റത്ത് നിന്നിരുന്ന കൊക്കോയെ കാണാതായി. പൂച്ചകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കുടുംബം അതിനായുള്ള തിരച്ചിലും ആരംഭിച്ചു. ഒടുവില്‍ ആറ് മാസങ്ങള്‍ക്കു മുന്‍പാണ് വല്‍സാദില്‍ തന്നെയുള്ള മറ്റൊരു കുടുംബം കൊക്കോയെ കൈയടിക്കിവച്ചിരിക്കുന്നതായി അറിഞ്ഞത്.
തങ്ങളുടെ പൂച്ചയെ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നാവര്‍ സമീപിച്ചെങ്കിലും അവര്‍ വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. ഏറെ വാക്കുതര്‍ക്കങ്ങള്‍ക്കൊടുവില്‍ പോലീസിന്റെ ഇടപെടലിലൂടെയാണ് കൊക്കോയെ തിരികെ ലഭിച്ചത്. എന്നാല്‍ തിരികെ വീട്ടില്‍ എത്തിച്ചപ്പോഴേക്കും കൊക്കോയുടെ ആരോഗ്യനില തീര്‍ത്തും വഷളായിരുന്നു.
ഇതേതുടര്‍ന്ന് മുന്നാവര്‍ കൊക്കോയെ മൃഗഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും രോഗം ചികിത്സിച്ചു ഭേദമാക്കാനാവാതെ അത് മരണപ്പെടുകയായിരുന്നു. സെപ്റ്റംബര്‍ 23നാണ് കൊക്കോ ചത്തത്. മൂന്നാവറിന്റെ വീടിന്റെ പിന്‍ഭാഗത്ത് തന്നെ പൂച്ചയെ അടക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ തന്റെ പ്രിയപ്പെട്ട കൊക്കോ വിടവാങ്ങിയിട്ടും കുഴിമാടത്തിനരികില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലിയോ.