ചെന്നൈ: ഓമനിച്ചുവളര്‍ത്തിയ മക്കള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിക്കുന്നത് നോക്കി നില്‍ക്കേണ്ടി വന്ന പിതാവ് ജീവനൊടുക്കി. തമിഴ്നാട്ടിലാണ് ദാരുണ സംഭവം. ഉത്തരഖണ്ഡ് സ്വദേശി ലോകേശ്വരനാണ് ആത്മഹത്യ ചെയ്തത്.ലോകേശ്വരന്റെയും മീനാക്ഷിയുടെയും മക്കളായ ഹരിപ്രീതയും ജസ്വന്തുമാണ് കുളത്തില്‍ മുങ്ങിമരിച്ചത്.
ചെന്നൈയ്ക്കു സമീപമുള്ള ആമ്പൂരിലെ ആമ്പൂരിലെ കൈലാസഗിരി കുന്നിലെ മുരുകന് കോവിലില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായാണ് ലോകേശ്വരനും കുടുംബവും എത്തിയത്. വിശ്രമിക്കുന്നതിനിടെ ആറുവയസുകാരി ഹരിപ്രീത കാല് വഴുതി കുളത്തില്‍ വീണു. സഹോദരിയെ രക്ഷിക്കാനായി എട്ടുവയസുകാന്‍ ജസ്വന്ത് എടുത്തുചാടി. ഇരുവരും കുളത്തിന്റെ ആഴങ്ങളിലേക്കു മുങ്ങിപോകുന്നതു നിസഹായനായി നോക്കിനില്‍ക്കാനേ അച്ഛന് കഴിഞ്ഞൊള്ളു. രക്ഷിക്കണേയെന്ന് നിലവിളിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല.
ഒരുമണിക്കൂറിന് ശേഷം ആമ്പൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കുന്നിന്മുകളില് നിന്ന് 2 കിലോമീറ്റര്‍ ദുരമുണ്ട് റോഡിലേക്കെത്താന്‍. ആളുകള്‍ കാഴ്ചക്കാരായതല്ലാതെ ആരും മൃതദേഹം ചുമലിലേറ്റാന്‍ തയ്യാറില്ല. ഒടുവില്‍ പൊലീസ് സംഘത്തിലെ എസ്.ഐ പെണ്‍കുട്ടിയുടെ മൃതദേഹം ചുമലിലേറ്റി കുന്നിറങ്ങി. ഹതഭാഗ്യരായ ആ അച്ഛനും അമ്മയും പിന്നാലെയും നടന്നു. മക്കളെ കിടത്തിയ ആശുപത്രിയിലെ മോര്‍ച്ചറിക്കുമുന്നില്‍ ഇരുവരും ഒരു രാത്രി കഴിച്ചുകൂട്ടി.
പിന്നീട് ആമ്പൂര് റയില്‍വേ സ്റ്റേഷനിലെത്തിയ ലോകേശ്വരനും ഭാര്യയും പ്ലാറ്റ് ഫോമിലെ കടയില്‍ നിന്നും ജ്യൂസ് വാങ്ങി. ലോകേശ്വരന്‍ അതില്‍ കീടനാശിനി കലര്‍ത്തി കഴിച്ചു. ബാക്കിയുണ്ടായിരുന്നത് കഴിക്കാന്‍ ശ്രമിച്ച ഭാര്യയെ അനുവദിക്കാതെ തള്ളിയാഴെയിട്ട് ലോകേശ്വരന്‍ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.