ഭോപ്പാല്‍: മധ്യപ്രദേശില്‍ കള്ളനെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ച യുവാവിന് ദാരുണാന്ത്യം. ബനാഡാ സ്വദേശി കാന്ഹ എന്ന കാന്‍ഹിയ ബീല് (45) ആണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ നീമുച്ചിലാണ് ആള്‍ക്കൂട്ടാക്രമണം നടന്നത്.
ഇരുകാലുകളിലും കയറിട്ട് ബന്ധിച്ചശേഷം ഓടുന്ന ട്രക്കില്‍ കെട്ടി കാന്‍ഹയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലും നിറഞ്ഞു കഴിഞ്ഞു. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് തങ്ങള്‍ കള്ളനെ പിടിച്ചെന്ന് ജനം പോലീസിനെ വിളിച്ച് അറിയിച്ചത്.
സംഭവസ്ഥലത്തെ എത്തിയ പോലീസാണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് നീമുച്ചിലെ ജില്ലാ ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.
ചെരുപ്പിട്ട കാലുകൊണ്ട് സംഘം കാന്‍ഹയുടെ മുഖത്ത് ചവിട്ടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. തന്നെ വെറുതെ വിടണമെന്ന് കാന്ഹ സംഘത്തിനോട് അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്.