പൂച്ചകള്‍ക്ക് താമസിക്കാന്‍ ആഡംബര വീട്. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും സംഭവം സത്യമാണ്. ഇരുനൂറിലേറെ പൂച്ചകള്‍ക്ക് താമസിക്കാന്‍ ആഡംബരവീട് തന്നെ ഒരുക്കി നല്‍കുകയാണ് ഗുജറാത്തിലെ ഒരു കുടുംബം. കച്ച് സ്വദേശിയായ ഉപേന്ദ്ര ഗോസ്വാമി എന്ന യുവാവാണ് ഇതിന് പിന്നില്‍.
4500 ചതുരശ്ര അടി വലുപ്പമുള്ളതാണ് ഈ ആഡംബരവീട്. ക്യാറ്റ് ഗാര്ഡന് എന്നാണ് വീടിന്റെ പേര്. വിഐപി സൗകര്യങ്ങളോടെയാണ് ഇവിടെ പൂച്ചകള്‍ കഴിയുന്നത്. പ്രതിമാസം ഒന്നര ലക്ഷം രൂപയാണ് ഈ പൂച്ച വീടിന്റെ നടത്തിപ്പിനായി ചിലവാക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ പൂച്ചകള്‍ക്ക് ആഡംബര വീടൊരുക്കിയതിന് പിന്നില്‍ വ്യക്തിപരമായ ഒരു സ്നേഹബന്ധത്തിന്റെ കഥയുണ്ട്.
1994 ല്‍ ഉപേന്ദ്രയുടെ സഹോദരി മരണപ്പെട്ടിരുന്നു. എല്ലാവര്ക്കും പ്രിയപ്പെട്ടവളായിരുന്ന സഹോദരിയുടെ മരണം വലിയ സങ്കടമാണ് കുടുംബത്തില്‍ ഉണ്ടാക്കിയത്. മരണശേഷവും അവളുടെ എല്ലാ പിറന്നാളുകളും കുടുംബം ആഘോഷിച്ചു. അങ്ങനെ ഒരു പിറന്നാള്‍ ദിനത്തില്‍ എവിടെനിന്നോ ഒരു പൂച്ച ആഘോഷങ്ങള്‍ക്കിടയിലേക്ക് കയറി വന്നു പിറന്നാള്‍ കേക്ക് കഴിച്ചു.
അതിനുശേഷം അത് വീടുവിട്ട് പോകാനും തയാറായില്ല. ഇതോടെ മരിച്ച സഹോദരി പൂച്ചയുടെ രൂപത്തില്‍ തിരികെ വീട്ടിലെത്തിയതാണെന്ന വിശ്വാസത്തിലാണ് കുടുംബാംഗങ്ങള്‍. പിന്നീടാണ് പൂച്ചകളോടുള്ള ഇഷ്ടം കൂടുന്നത്. 2017 ല്‍ ക്യാറ്റ് ഗാര്ഡന് ആരംഭിക്കുകയും ചെയ്തു.
Gujarat: A Kutch-based man, Upendra Goswami established a home for cats named 'Cat garden' spread in 500 sq yard area
"It was established in 2017. Now we've over 200 cats here. We treat them as part of our family. We've made 16 cottages with some other facilities," he said pic.twitter.com/z0nZ8IqBKt
— ANI (@ANI) August 20, 2021
എസി മുറികളാണ് പൂച്ചകള്‍ക്കായി ക്യാറ്റ് ഗാര്‍ഡനില്‍ ഉപേന്ദ്ര ഒരുക്കിയിരിക്കുന്നത്.16 കോട്ടേജുകളും 12 കിടക്കകളും പൂച്ചകള്‍ക്ക് കുളിക്കാനായി പ്രത്യേക ഷവറുകളും ഇവിടെയുണ്ട്. ഇതുകൊണ്ടും തീര്‍ന്നില്ല. പൂച്ചകളുടെ വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ മൃഗങ്ങളുടെ പരിപാടികള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മിനി തിയേറ്ററും ക്യാറ്റ് ഗാര്‍ഡനിലുണ്ട് .
ഏറ്റവും മികച്ച ബ്രാന്‍ഡിന്റെ ക്യാറ്റ് ഫുഡാണ് മൂന്നുനേരവും ഇവയ്ക്ക് ഭക്ഷണമായി നല്‍കുന്നത്. കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പും നല്‍കുന്നുണ്ട്.