ഭാര്യ കാനഡയിലേക്ക് കൊണ്ടുപോകാത്തതില്‍ മനംനൊന്ത് 24 വയസുകാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. പഞ്ചാബിലാണ് സംഭവം. ലവ്പ്രീത് സിങാണ് മരിച്ചത്. സംഭവത്തില്‍ 21 വയസുള്ള ഭാര്യ ബീന്ത് കൗറിനെതിരെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ മാസമാണ് ലവ്പ്രീത് സിങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വഞ്ചനാ കുറ്റം അടക്കമുള്ളവ ചുമത്തിയിട്ടുണ്ട്. 25 ലക്ഷത്തോളം രൂപ മുടക്കിയാണ് ഭര്‍ത്താവ് ഭാര്യയെ കാനഡയിലേക്ക് പഠിക്കാന്‍ അയച്ചത്. എന്നാല്‍ അവിടെ എത്തിയശേഷം ഭര്‍ത്താവിനെ ഒപ്പം കൊണ്ടുപോകാന്‍ ഭാര്യ തയാറായില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
കൃഷിയിടത്തില്‍ കീടനാശിനി കഴിച്ച് മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. കാനഡയില്‍ സ്ഥിരതാമസമാക്കാനായിരുന്നു യുവാവിന്റെ മോഹം. മരുമകളുടെ പഠനത്തിന് 25 ലക്ഷത്തോളം രൂപ നല്കി സഹായിച്ചത് യുവാവിന്റെ അച്ഛനാണ്. യുവാവിന്റെ അച്ഛന് ബല്‍വീന്ദര്‍ സിങ് മരുമകള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
കാനഡയില്‍ എത്തിയ ശേഷം തന്റെ മകനെ ഭാര്യ വഞ്ചിച്ചുവെന്നും അവന് നല്കിയ വാക്ക് അവള് പാലിച്ചില്ല എന്നും പിതാവ് ആരോപിക്കുന്നു. മകനുമായി സംസാരിക്കാന്‍ പോലും താല്പര്യം കാണിച്ചില്ലെന്ന് പിതാവ് പറയുന്നു. ഈ വിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബം പരാതിപ്പെടുന്നത്.