ബംഗളുരു: പശുവിന്റെ വയറില്‍ നിന്ന് വെറ്റിനറി ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 21 കിലോ പ്ലാസ്റ്റിക്. കര്‍ണാടകയിലെ ചിക്കമംഗളുരുവിലാണ് സംഭവം. നാളുകളായി ക്ഷീണിച്ച അവസ്ഥയില്‍ പശുവിനെ കണ്ടതോടെ പരിശോധിച്ചപ്പോഴാണ് വയറിനുള്ളില്‍ പ്ലാസ്റ്റിക് കണ്ടെത്തിയത്.
നാല് വയസ്സായ പശുവിന്റെ വയറുവീര്ത്തിരുന്നുവെങ്കിലും ഇത്രയും അജൈവ പദാര്‍ഥങ്ങള്‍ ആ വയറിനകത്ത് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ആഹാര പദാര്‍ഥങ്ങള്‍ ദഹിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതുമൂലം പോഷകങ്ങള്‍ ലഭിക്കാത്തതിനാല്‍ നാളുകളായി ക്ഷീണിതയായിരുന്നു പശു.
തുടര്‍ന്നാണ് സര്‍ക്കാര്‍ വെറ്റിനറി ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയ ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. 21 കിലോ പ്ലാസ്റ്റിക്കാണ് വയറിനുള്ളില്‍ നിന്നും നീക്കം ചെയ്തത്. പശു പ്ലാസ്റ്റിക് തിന്നുമ്പോള്‍ വീണ്ടും അത് അയവിറക്കുകയോ ദഹനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയോ ചെയ്യുന്നില്ല.
വയറിനകത്ത് ജീവിതകാലം മുഴുവന്‍ അത് കുടുങ്ങിക്കിടക്കുന്നു. ഇതുമൂലം വയറിന്റെ ഊഷ്മാവ് കൂടുകയും പ്ലാസ്റ്റിക് ഉരുകുകയും മറ്റ് ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് ദഹിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ ശരീര രക്തത്തില്‍ ജന്തുവിന് ആവശ്യമായ പോഷകം ഉണ്ടാകുന്നില്ല. – വെറ്റിനറി ഡോക്ടര്‍ ബി.ഇ അരുണ്‍ പറഞ്ഞു.