പറ്റ്ന: 17കാരന്റെ വായില്‍ 82 പല്ലുകള്‍. കേട്ടാല്‍ സത്യമാണോ എന്ന് ആദ്യം സംശയം തോന്നുമെങ്കിലും യഥാര്‍ത്ഥ സംഭവം തന്നെയാണ്. മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ആവശ്യത്തിലധികമുള്ള പല്ലുകള്‍ എടുത്തുമാറ്റിയത്. ഇതോടെ അഞ്ച് വര്‍ഷങ്ങളായി യുവാവ് അനുഭവിക്കുന്ന ദുരിതത്തിന് അറുതിയായി.
ഇതൊരു അപൂര്വ്വരോഗമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 17കാരനായ നിതീഷ് കുമാറിനാണ് കോംപ്ലക്സ് ഒഡന്റോമ എന്ന അപൂര്‍വ രോഗം ബാധിച്ചത്. ബിഹാറിലെ ഇന്ദിരാഗാന്ധി ഇന്സ്റ്റിറ്്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരാണ് നിതീഷ് കുമാറിന്റെ രോഗം കണ്ടെത്തി ചികിത്സിച്ചത്.
വര്‍ഷങ്ങളായി ശരിയായ ചികിത്സ ലഭിക്കാത്തതിനാല്‍ നിതീഷിന്റെ രോഗം ഗുരുതമായ അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുഖത്തിന്റെ ആകൃതി നഷ്ടപ്പെട്ട അവസ്ഥയിലാണ് നിതീഷ് മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇവിടെ വെച്ച് നടത്തിയ എക്സ്റേയിലാണ് നിതീഷിന്റെ വായില്‍ 82 പല്ലുകളുണ്ടെന്ന് മനസ്സിലായത്.
പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് 32 പല്ലുകളാണ് ഉണ്ടാകുക. താഴത്തെ നിരയില്‍ മാത്രം നിതീഷിന് 50 പല്ലുകള്‍ ഉണ്ടായിരുന്നു. വായുടെ അടിഭാഗത്ത് വളര്‍ന്ന പല്ലുകള്‍ യുവാവിന്റെ മുഖത്തിന്റെ ആകൃതിയും നഷ്ടപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മോണകള്‍ ചലിപ്പിക്കാന്‍ കഴിയുന്നുണ്ടെന്ന് നിതീഷ് പറഞ്ഞു.