ഹൈദരാബാദ്: ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി കത്തിച്ച ഭര്‍ത്താവ് പിടിയില്‍. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് സംഭവം. ശ്രീകാന്ത് റെഡ്ഡി എന്നയാളാണ് അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട ഭുവനേശ്വരിയെ തിരിച്ചറിഞ്ഞത്.
ഐ.ടി മേഖലയില്‍ ജോലി ചെയ്തിരുന്ന 27 കാരിയായ തന്റെ ഭാര്യ ഭുവനേശ്വരിയെ കാണാതായതായും അവര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ഭര്‍ത്താവ് ശ്രീകാന്ത് റെഡ്ഡി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഭുവനേശ്വരിയെ കൊന്നത് ശ്രീകാന്ത് തന്നെയാണെന്ന് പോലീസ് കണ്ടെത്തി.
ഇതോടെ ഒളിവില്‍ പോയ ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. 18 മാസം പ്രായമുളള മകളോടൊപ്പം തിരുപ്പതിയില്‍ താമസിക്കുകയായിരുന്നു ദമ്പതികള്‍. കൊവിഡ് മഹാമാരി കാരണം ഭുവനേശ്വരി വീട്ടിലിരുന്നായിരുന്നു ജോലി ചെയ്തിരുന്നത്. അഴിമതിക്കെതിരെ പോരാടുന്ന ഓണ്‍ലൈന്‍ ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന എഞ്ചിനീയറായ ശ്രീകാന്ത് ഏതാനും മാസങ്ങളായി തൊഴില്‍ രഹിതനായിരുന്നു.
ശ്രീകാന്ത് ഒരു ചുവന്ന വലിയ സ്യൂട്ട്കേസ് അവരുടെ അപ്പാര്‍ട്ട്മെന്റ് സമുച്ചയ്ത്തിലേക്ക് കൊണ്ട് പോകുന്നതും കുറച്ച് സമയത്തിനു ശേഷം പുറത്തേക്ക് കൊണ്ട് വരുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് തിരുപ്പതി അര്‍ബന്‍ പൊലീസ് ചീഫ് രമേഷ് റെഡ്ഡി പറഞ്ഞു.
മൃതദേഹം 90 ശതമാനം കത്തിക്കരിഞ്ഞിരുന്നു. ശ്രീകാന്ത് റിലയന്‍സ് മാര്‍ട്ടില്‍ നിന്നും ഒരു വലിയ സ്യൂട്ട്കേസ് വാങ്ങിയതായും അത് മൃതദേഹം പായ്ക്ക് ചെയ്യുന്നതിനായി ഉപയോഗിച്ചതായും സംശയിക്കുന്നു. പിന്നീട് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.
സി.സി.ടി.വി ദൃശ്യങ്ങളില്‍ ശ്രീകാന്ത് മകളെ കൈയിലെടുത്ത് മറുകൈയില്‍ വലിയ സ്യൂട്ട്കേസ് ഉരുട്ടി വീട്ടിലേക്ക് പോകുന്നത് കാണാവുന്നതാണ്. എന്നാല്‍ തിരികെ വരുമ്പോള്‍ കുഞ്ഞിനെ പിടിക്കാന്‍ അയാള്‍ പാടുപെടുന്നതും സ്യൂട്ട്കേസ് പുറത്തിറക്കുന്നതും വ്യക്തമാണ്. ഫോറന്‍സിക് പരിശോധനയ്ക്കായി പൊലീസ് മൃതദേഹത്തിന്റെ സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.