ന്യൂഡല്‍ഹി: വിവാഹ ചടങ്ങിനിടെ വധു മരിച്ചു, വധുവിന്റെ സഹോദരിയെ വിവാഹം ചെയ്ത് വരന്. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് നടകീയമായ സംഭവങ്ങള്‍ ഉണ്ടായത്. സുരഭി എന്ന യുവതിയാണ് വിവാഹചടങ്ങുകള്‍ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. ഇതോടെ വരന് മനോജ് കുമാര്‍ സുരഭിയുടെ സഹോദരി നിഷയെ വിവാഹം ചെയ്യുകയായിരുന്നു.
വിവാഹ ചടങ്ങുകളുടെ പൂര്‍ത്തീകരണമെന്ന നിലയ്ക്ക് അഗ്നിയെ വലംവയ്ക്കുമ്പോഴാണ് വധുവായ സുരഭി കുഴഞ്ഞുവീണത്. പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു വരുത്തി. പരിശോധനയില്‍ പെണ്‍കുട്ടി മരിച്ചുവെന്ന് കണ്ടെത്തി. ഗുരുതരമായ ഹൃദയാഘാതം ഉണ്ടയതിനെ തുടര്‍ന്നാണ് സുരഭിയുടെ മരണമെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ വിവാഹചടങ്ങുകള്‍ നിര്‍ത്തിവച്ചു. പിന്നീട് ഇരുവീട്ടുകാരും ഇനി എന്ത് ചെയ്യുമെന്നായി ചര്‍ച്ച. അതിനിടയിലാണ് ഒരാള്‍ സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. ഇരുകുടുംബത്തിനും ഇതില്‍ സമ്മതമായി. ഒടുവില്‍ വിവാഹം നടത്തി.
സുരഭിയുടെ മൃതദേഹം മറ്റൊരു മുറിയില്‍ സൂക്ഷിച്ച ശേഷമാണ് വിവാഹ ചടങ്ങ് നടത്തിയത്. തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമാണ് സുരഭിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. ‘ഞങ്ങളെ സംബന്ധിച്ച് ഒരു കടുത്ത തീരുമാനമായിരുന്നു അത്, പലരും പല വികാരമാണ് പ്രകടിപ്പിച്ചത്’- സുരഭിയുടെ അമ്മാവന് അജബ് സിംഗ് പ്രതികരിച്ചു.