ചെന്നൈ: കൊവിഡ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ഭീതിയിലായിരിക്കുകയാണ് ജനങ്ങള്‍. അതിനിടെ വ്യാജപ്രചാരണങ്ങളും ശക്തമായിക്കൊണ്ടിരിക്കുകയാണ്. കൊവിഡിനെതിരെയുള്ള മറുമരുന്ന് എന്ന് അവകാശപ്പെട്ട് പാമ്പിനെ ഭക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് പോലീസ്.
തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ പെരുമാമ്പട്ടി ഗ്രാമത്തിലെ വടിവേല്‍ എന്ന വ്യക്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകരാണ് പൊലീസിനെ വിവരമറിയിച്ചത്.
പൊലീസെത്തി വടിവേലിനെ അറസ്റ്റ് ചെയ്യുകയും 7500 രൂപ പിഴയിടുകയും ചെയ്തു. വയലില്‍ നിന്നാണ് പാമ്പിനെ പിടിച്ചതെന്നും ഭക്ഷിക്കുന്നതിന് മുമ്പ് കൊന്നുവെന്നും വടിവേല്‍ പൊലീസിനോട് പറഞ്ഞു. കൊറോണ വൈറസിനെ അകറ്റി നിര്‍ത്താന്‍ ഉരഗവര്‍ഗത്തില്‍പെട്ട ജീവികള്‍ മികച്ചതാണെന്ന് വടിവേല്‍ വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്.
കൊറോണ വൈറസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് പാമ്പിനെ ഭക്ഷിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെയധികം ദോഷമുളവാക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. വന്യജീവികളെ കൊന്നു ഭക്ഷിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും അവയുടെ ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കള്‍ ഉണ്ടെങ്കില്‍ അവ മനുഷ്യശരീരത്തെ അപകടത്തിലാക്കുമെന്നും അധികൃതര്‍ പറഞ്ഞു.