ചെന്നൈ: ഭൂമിയില്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ ആകാശത്ത് വച്ച് നടന്നൊരു വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മെയ് 23നാണ് ആകാശത്തുവച്ച് രണ്ട് പേര് വിവാഹിതരായത്. മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വിവാനം ചാര്‍ട്ട് ചെയ്താണ് ആകാശത്തുവച്ചുള്ള വിവാഹം നടന്നത്.
നാട്ടില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ കാരണമാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം വിമാനത്തില്‍ വച്ച് നടത്തിയത്. മധുര സ്വദേശികളായ രാകേഷും ദീക്ഷണയുമാണ് വരനും വധുവും. കോവിഡ് വ്യാപിക്കുന്ന തമിഴ്നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടുകയും മെയ് 23 ന് നിയന്ത്രണത്തില്‍ ഇളവ് നല്‍കുകയും ചെയ്തിരുന്നു.
അങ്ങനെ ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് രാകേഷും ദീക്ഷണയും വിവാഹിതരായിരുന്നു. എങ്കിലും തമിഴ്നാട് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെ വിമാനത്തില്‍ വച്ച് വിവാഹം കഴിച്ച് ആ ചടങ്ങ് മനോഹരമായ ഓര്‍മ്മകളിലൊന്നാക്കമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.
അങ്ങനെയാണ് വിവാഹം വിമാനത്തില്‍ വെച്ച് നടന്നത്. 130 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവരുമായി ചാര്‍ട്ടേഡ് വിമാനം പറന്നുയര്‍ന്നു. ആകാശത്തുവച്ച് അങ്ങനെ വിവാഹവും നടന്നു. ചടങ്ങില്‍ പങ്കെടുത്ത 130 പേരും തങ്ങളുടെ ബന്ധുക്കള്‍ ആണെന്നും എല്ലാവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയതാണെന്നും ദമ്പതികള്‍ അവകാശപ്പെട്ടു.