ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിന്റെ മേധാവികളിലൊരാള്‍ കൊവിഡ് ബാധിച്ച് മരിച്ചു. പാലുല്‍പ്പന വിഭാഗം മേധാവി സുനില്‍ ബന്‍സാല്‍ ആണ് മരിച്ചത്. ശ്വാസകോശത്തിനും തലച്ചോറിനും ഉണ്ടായ ഗുരുതരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് സുനില്‍ ബന്‍സാല്‍ മരണപ്പെട്ടതെന്ന് ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
2018ലാണ് ഡയറി സയന്‍സ് വിദഗ്ധനായ സുനില്‍ ബന്‍സാല്‍ ‘പതഞ്ജലി’യുടെ ഭാഗമാകുന്നത്. കഴിഞ്ഞ ദിവസം അലോപതി ചികിത്സാ രീതിക്കെതിരായ രാം ദേവിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഒടുവില്‍ അത് പിന്‍വലിക്കുകയായിരുന്നു.
കൊവിഡ് ബാധമൂലം മരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ അലോപ്പൊതി മരുന്നുകഴിച്ചാണ് മരിച്ചതെന്നായിരുന്നു രാംദേവ് പരാമര്‍ശം. ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണ് അതെന്നും അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ രാംദേവ് പറഞ്ഞിരുന്നു.
രാം ദേവിന്റെ പരാമര്‍ശം കൊവിഡ് പോരാളികളെ അപമാനിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. സ്വന്തം ജീവന് പണയംവച്ച് മറ്റുള്ളവരുടെ ജീവന് രക്ഷിക്കാനായി പോരാടുന്ന കോവിഡ് പോരാളികളെ മാത്രമല്ല, രാജ്യത്തെ പൗരന്മാരെ കൂടിയാണ് രാംദേവിന്റെ വാക്കുകള്‍ അപമാനിക്കുന്നതെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് പ്രതികരിച്ചത്.