രാജ്യത്താകമാനം കോവിഡ് ശമനമില്ലാതെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡിന്റെ രണ്ടാംതരംഗത്തില്‍ നിന്നും രാജ്യത്തെ മുക്തമാക്കാന്‍ പോരാടുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ശാസ്ത്രത്തിനും സാമാന്യബുദ്ധിക്കും നിരക്കാത്തതായ പല രീതികള്‍ ഈ സമയത്ത് പലയിടത്തും കൈക്കൊള്ളുന്നത് വിചിത്രമാണ്.
2020-ല്‍ കോവിഡ് ആദ്യമായി രാജ്യത്ത് അലയടിച്ചപ്പോള്‍ ഗോ കൊറോണ ഗോ എന്ന മുദ്രാവാക്യം ഉയര്‍ത്തി പന്തം കൊളുത്തി ഓടിയതൊക്കെ പലവിധ ട്രോളുകള്‍ക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ ഒരു വര്‍ഷം കഴിഞ്ഞിട്ടും അത്തരം അന്ധവിശ്വസങ്ങളൊക്കെ തന്നെ നിലനില്ക്കുന്നു എന്നതിന് ഉദാഹരണമായി ഒരു വിഡിയോ ആണ് പ്രചരിക്കുന്നത്.
കൊറോണയെ തുരത്താന്‍ ഒരു കാര്മികന് ഇരുന്ന് യാഗം നടത്തുകയാണ്. ഉച്ചരിക്കുന്ന മന്ത്രം ‘ഓം കൊറോണ ഭാഗ് സ്വാഹ’ എന്നും. വളരെ ഉച്ചത്തിലാണ് ഇത് ചൊല്ലുന്നത്. ട്വിറ്ററിലാണ് ഇപ്പോള്‍ ആ വിഡിയോ പങ്കുവച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം ഇപ്പോള്‍ വീഡിയോ പ്രചരിക്കുകയാണ്.
നിരവധിപ്പേരാണ് ഇപ്പോള്‍ ഈ വിഡിയോ കണ്ടിരിക്കുന്നത്. ‘ബാബാജി ഒടുവില്‍ കൊറോണയെ വാക്സിനേറ്റ് ചെയ്യുമല്ലോ’, ‘ഇത് ഗോ കൊറോണ ഗോ 2.0 വെര്ഷന്’ എന്നൊക്കെയാണ് കമന്റുകള്‍. അന്ധവിശ്വാസങ്ങള്‍ക്ക് അടുത്ത ഉദാഹരണമാണിതെന്നും ചിലര്‍ കമന്റ് ചെയ്തു.