ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെയോര്‍ത്ത് വിങ്ങിപ്പൊട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിച്ച് നെറ്റിസണ്‍സ്. കോവിഡ് മൂലം ജീവന് നഷ്ടമായവരെ ഓര്‍ത്തുള്ള മോഡിയുടെ കണ്ണീര് മുതലക്കണ്ണീരെന്നായിരുന്നു നെറ്റിസണ്‍സിന്റെ പ്രതികരണം. രാജ്യത്ത് കോവിഡ് പിടിമുറുക്കുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ സെന്‍ട്രല്‍ വിസ്ത ഉള്‍പ്പെടെയുള്ളവ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രതികരണം ഉയര്‍ന്നു. കൂടാതെ വാക്സിന് സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
വെള്ളിയാഴ്ച സ്വന്തം മണ്ഡലമായ വാരാണസിയിലെ ആരോഗ്യ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് മോഡി വിങ്ങിപ്പൊട്ടിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നതിനിടെ വിങ്ങിപ്പൊട്ടുകയും കണ്ണീരണിയുകയുമായിരുന്നു. എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പകര്‍ച്ചവ്യാധി പിടിമുറുക്കി. നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു -എന്ന വാക്കുകള്‍ക്ക് ശേഷം വികാരാധീനനാകുകയായിരുന്നു.
നിരവധി പേരെ കൊറോണ വൈറസ് നമ്മില്‍നിന്ന് തട്ടിയെടുത്തു. വൈറസ് ബാധിച്ച് പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ ചെറുക്കുന്നതിനുള്ള ശക്തിനേടുന്നതിന് യോഗയും ആയുഷും വലിയ സഹായം ചെയ്തു. ഇത് അലംഭാവത്തിനുള്ള സമയമല്ല. നമുക്കുമുന്നിലുള്ളത് വലിയ പോരാട്ടമാണ്. ‘എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ട്’ എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.