ന്യൂഡല്‍ഹി: രാജ്യം കൊവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്നതിനിടെ ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടി വരുന്നത്. ഇതിനിടെ കൂടുതല്‍ അപകടകാരിയായ വൈറ്റ് ഫംഗസ് രോഗം നാല് രോഗികളില്‍ കണ്ടെത്തി. ബിഹാറിലെ പട്നയിലാണ് ഒരു ഡോക്ടറുള്‍പ്പെടെ നാല് പേര്‍ക്ക് വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.
കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന സമാനരീതിയിലാണ് വൈറ്റ് ഫംഗസ് ശ്വാസകോശത്തെ പിടികൂടുന്നതെന്ന് രോഗികളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വൈറ്റ് ഫംഗസ് ബാധ കണ്ടെത്തിയ രോഗികള്‍ കോവിഡ്-19 ന് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും കോവിഡ് പരിശോധനയില്‍ നാല് പേരും നെഗറ്റീവ് ആയിരുന്നതായി പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗം മേധാവിയായ ഡോ. എസ്.എന്‍. സിങ് പറഞ്ഞു. രോഗികളുടെ ശ്വാസകോശങ്ങള്‍ക്ക് അണുബാധ ഉണ്ടായിരുന്നതായും രോഗനിര്‍ണയത്തിന് ശേഷം ആന്റി ഫംഗല്‍ മരുന്നുകള്‍ നല്‍കിയതോടെ രോഗം ഭേദമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്വാസകോശം, ത്വക്ക്, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യഭാഗങ്ങള്‍, വായ, നഖം എന്നീ ശരീരഭാഗങ്ങളില്‍ രോഗം ബാധിക്കുന്നതിനാല്‍ ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ്. താരതമ്യേന പ്രതിരോധശേഷി കുറഞ്ഞവരില്‍ വൈറ്റ് ഫംഗസ് ബാധ കൂടുതല്‍ അപകടകരമായേക്കും. ദീര്‍ഘകാലമായി സ്റ്റിറോയ്ഡുകള്‍ കഴിക്കുന്ന പ്രമേഹരോഗികള്‍ക്ക് വൈറ്റ് ഫംഗസ് ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോ. എസ്.എന്‍. സിങ് മുന്നറിയിപ്പ് നല്കി.
കൂടാതെ കൃത്രിമമായി ഓക്സിജന്‍ സഹായം ലഭ്യമാക്കുന്ന കോവിഡ് രോഗികളില്‍ വൈറ്റ് ഫംഗസ് രോഗം ബാധിക്കാം. ഓക്സിജന്‍ സംവിധാനവും വെന്റിലേറ്ററും ശരിയായ രീതിയില്‍ അണുവിമുക്തമാക്കുന്നത് വൈറ്റ് ഫംഗസ് രോഗത്തെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നും ഡോ. സിങ് പറഞ്ഞു. അര്‍ബുദരോഗികളിലും പൂപ്പല്‍ ബാധക്കുള്ള സാധ്യതയേറെയാണെന്നും അദ്ദേഹം പറയുന്നു.