അഹമ്മദാബാദ്: രാജ്യത്ത് കൊവിഡ് തരംഗം രൂക്ഷമായി തുടരുന്നതിനിടയില്‍ പല വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് ചാണകം കൊവിഡിനെ പ്രതിരോധിക്കുമെന്നത്. കൊവിഡിനെ പ്രതിരോധിക്കാന്‍ എന്ന തരത്തില്‍ ചാണകം ഉപയോഗിച്ച് ചികിത്സ നടത്തുന്നതിനെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. ചാണകം കൊവിഡിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ചാണകം ഉപയോഗിക്കുന്നത് മറ്റ് രോഗങ്ങള്‍ വരാന്‍ ഇടയാക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
കൊവിഡിനെ പ്രതിരോധിക്കാനാകുമെന്ന ധാരണയില്‍ ഗുജറാത്ത് അടക്കമുള്ള സംസ്ഥനങ്ങളില്‍ ജനങ്ങള്‍ പശുത്തൊഴുത്തുകളില്‍ നിന്ന് ചാണകവും ഗോമൂത്രവും ശേഖരിച്ച് ശരീരത്ത് പുരട്ടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിക്കാനും കൊറോണ വൈറസിനെ പ്രതിരോധിക്കാനും ഇതിലൂടെ കഴിയുമെന്ന തെറ്റിദ്ധാരണയിലാണ് ജനങ്ങള്‍ ഇപ്രകാരം ചെയ്യുന്നത്.
‘ആഴ്ചയില്‍ ഒരിക്കലെങ്കിലും ഗോശാലകളില്‍ എത്തി ചാണകവും മൂത്രവും ശേഖരിച്ച്, ഇവ ശരീരത്തില്‍ വാരിത്തേക്കുകയും ഉണങ്ങുംവരെ കാത്തിരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് പശുക്കളെ ആലിംഗനം ചെയ്യുകയും ശാരീരിക ഊര്‍ജ്ജനില വര്‍ധിപ്പിക്കുന്നതിന് യോഗ ചെയ്യുകയും ചെയ്യുന്നു. പിന്നീട് ശരീരത്തില്‍ ഉണങ്ങിപ്പിടിച്ച ചാണകവും മൂത്രവും പാല് ഉപയോഗിച്ച് കഴുകിക്കളയുന്നു’, ഇങ്ങനെയായിരുന്നു ഗുജറാത്ത് പോലെയുള്ള സ്ഥലങ്ങളില്‍ നടന്നു കൊണ്ടിരുന്ന കൊവിഡ് ചികിത്സ.
ഇതിനെതിരെയാണ് ആരോഗ്യ വിദഗ്ധര്‍ രംഗത്ത് വന്നത്. അശാസ്ത്രീയവും തികച്ചും അന്ധവിശ്വാസവുമാണ് ഇത്തരം ചികിത്സകളെന്ന് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും ആവര്‍ത്തിച്ച് പറയുന്നു.
രണ്ട് വിധത്തിലുള്ള പ്രശ്നങ്ങളാണ് ഇത്തരം അടിസ്ഥാനമില്ലാത്ത പ്രവൃത്തികള്‍ക്കൊണ്ട് ഉണ്ടാവുന്നത്. ഒന്നാമതായി, ഇത്തരം പ്രവൃത്തികളിലൂടെ രോഗശാന്തിയും പ്രതിരോധശേഷിയും ഉണ്ടാകുമെന്ന തെറ്റിദ്ധാരണ ജങ്ങളില്‍ ഉണ്ടാവുകയും തുടര്‍ന്ന് അവര്‍ ശാസ്ത്രീയമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യും. ഇത് രോഗവ്യാപനത്തിന് ഇടയാക്കും.
രണ്ടാമതായി, ചാണകവും പശുമൂത്രവും ശരീരത്തില്‍ തേച്ചുപിടിപ്പിക്കുന്നതിലൂടെ അണുബാധകള്‍ ഉണ്ടാവുകയും മറ്റു രോഗങ്ങള്‍ പിടിപെടുന്നതിന് വഴിയൊരുങ്ങുകയും ചെയ്യുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന തരം രോഗങ്ങളും ഇതുമൂലം ഉണ്ടാവാം. കൂടാതെ, ചാണകം ശേഖരിക്കുന്നതിനായി ഗോശാലകളില്‍ ആളുകള്‍ തിരക്കുകൂട്ടുന്നത് കൊവിഡ് പകരുന്നതിന് ഇടയാക്കാമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.