മുംബൈ: ഡോക്ടര്‍മാരും ക്ലിനിക് ഉടമകളുമായ അച്ഛനും മകനും കൊവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. കല്യാണ്‍ സ്വദേശികളായ ഡോ. നാഗേന്ദ്ര മിശ്ര(58), മകന് ഡോ. സൂരജ് മിശ്ര(28) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരും മരണപ്പെട്ടത്. കൊവിഡ് രോഗികളെ ഉള്‍പ്പെടെ ചികില്‍സിച്ചിരുന്ന ഇരുവരും വാക്സിന് സ്വീകരിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.ഇവരുടെ കുടുംബത്തിലെ എല്ലാവരും കൊവിഡ് രോഗം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.
നാഗേന്ദ്ര മിശ്രയുടെ ഭാര്യ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. കല്യാണ്‍ ഡോംബിവാലിയില്‍ വെന്റിലേറ്റര്‍ കിടക്കയില്ലാത്തതിനാല്‍ നാഗേന്ദ്ര താനെയിലും സൂരജ് ഗോരേഗാവിലെ ഒരു സ്വകാര്യ ആശുപത്രിയിലുമായിരുന്നു ചികില്‍സയില്‍ കഴിഞ്ഞിരുന്നത്.
കല്യാണ്‍ പടിഞ്ഞാറ് ഗാന്ധാരി പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്. ടിറ്റ്വാലയ്ക്കടുത്തുള്ള ഖാദാവലി പ്രദേശത്ത് നാഗേന്ദ്രയ്ക്ക് ഒരു ക്ലിനിക്കും ഭിവണ്ടിക്ക് സമീപമുള്ള ബാപ്ഗാവ് പ്രദേശത്ത് സൂരജിന് ഒരു ക്ലിനിക്കും ഉണ്ടായിരുന്നു.
കൊവിഡ് രണ്ടാംതരംഗത്തില്‍ മഹാരാഷ്ട്രയില്‍ അതിരൂക്ഷ വ്യാപനം തുടരുകയാണ്.