ചണ്ഡിഗഡ്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. കൊവിഡ് വ്യാപനം ഉയര്‍ന്ന 9 ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ള നൈറ്റ് കര്‍ഫ്യൂ രണ്ട് മണിക്കൂര്‍ നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.
ലുധിയാന, ജലന്ദര്‍, പട്യാല, മൊഹാലി, അമൃതസര്‍, ഗുരുദാസ്പൂര്‍, ഹോഷിയാര്‍പൂര്‍, കപൂര്‍ത്തല, റോപര്‍ എന്നീ ജില്ലകളിലാണ് നൈറ്റ് കര്‍ഫ്യൂ നീട്ടിയത്. രാത്രി 9 മണി മുതല്‍ രാവിലെ അഞ്ച് മണിവരെയാണ് കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ ഇത് പ്രാബല്യത്തിലാകും.
പ്രതിദിനം രണ്ടായിരത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ പറഞ്ഞു.ഇന്നലെ 2039 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. 35 മരണവും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം കൊവിഡ് രോഗികളില്‍ ഉണ്ടാകുന്ന വര്‍ധനവ് കാണിക്കുന്നത് രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ സൂചനയാണ് എന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.ഇന്നലെ മാത്രം 35,871 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.15 കോടി (1,14,74,605) ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 17741 പേര് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ 1,10,63,025 ആളുകള്‍ ഇതുവരെ കൊവിഡ് മുക്തരായിട്ടുണ്ട്. 1,59,216 ആളുകളാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 2,52,364 ആളുകളാണ് കൊവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്.
3,71,43,255 ആളുകളാണ് രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ, സംസ്ഥാനത്ത് 23,179 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.