ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 400 പേര്‍ക്ക് കൊവിഡിന്റെ യുകെ,സൗത്ത് ആഫ്രിക്ക,ബ്രസീല്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്ചയ്ത്തുള്ളിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും മാര്‍ച്ച് നാല് വരെ 242 കേസുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത് എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
പെട്ടെന്നു പടര്‍ന്നു പിടിക്കുന്നതാണ് ഈ കൊവിഡ് വക ഭേദങ്ങളെന്നാണ് നിഗമനം. ഡിസംബര്‍ 29ന് ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ആറ് പേര്‍ക്കാണ് രാജ്യത്ത് ആദ്യമായി കൊവിഡിന്റെ യു.ക വകഭേദം കണ്ടെത്തിയത്.അതേസമയം കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കൊവിഡ് കേസുകളില്‍ 43 ശതമാനത്തിന്റെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് രണ്ടാം വ്യാപന തരങ്കത്തിന്റെ ലക്ഷണമാണെന്ന് ആരോഗ്യ മന്ത്രാലയം സൂചന നല്‍കിയിരുന്നു.
ഇന്നലെ മാത്രം 35,871 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.15 കോടി (1,14,74,605) ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 17741 പേര് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ 1,10,63,025 ആളുകള്‍ ഇതുവരെ കൊവിഡ് മുക്തരായിട്ടുണ്ട്. 1,59,216 ആളുകളാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 2,52,364 ആളുകളാണ് കൊവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്.
3,71,43,255 ആളുകളാണ് രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ, സംസ്ഥാനത്ത് 23,179 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് നോയിഡയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രില്‍ 30 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗുജറാത്തില്‍ ലോക്കല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ജിമ്മുകള്‍ അടയ്ക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ബസുകള്‍ സര്‍വീസ് നടത്തുന്നതല്ലെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് അറിയിച്ചു.